മുംബൈ: രണ്ടുമാസമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജസ്പ്രീത് ബുമ്ര മുംബൈ ഇന്ത്യന്‍സിൽ ചേര്‍ന്നു . ചികിത്സയിലായിരുന്ന താരത്തിന് ഐ പി എല്ലിലെ ഇതുവരെയുള്ള മത്സരങ്ങളും കൂടാതെ ചാമ്പ്യൻസ് ട്രോഫിയും നഷ്ടപ്പെട്ടിരുന്നു. അതേസമയം സെന്റര്‍ ഓഫ് എക്സലന്‍സിലെ ബി സി സി ഐ മെഡിക്കല്‍ സ്റ്റാഫില്‍ നിന്ന് അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ബുമ്ര മുംബൈയില്‍ ചേര്‍ന്നത്.
‘കാട്ടിലെ രാജാവ് തന്റെ സാമ്രാജ്യത്തില്‍ തിരിച്ചെത്തിയിരിക്കുന്നു’, ‘ഗര്‍ജിക്കാന്‍ തയ്യാര്‍’ തുടങ്ങിയ അടിക്കുറിപ്പോടെയാണ് താരത്തിന്റെ വരവിനെ മുംബൈ ഇന്ത്യന്‍സ് എക്സില്‍ വരവേറ്റത്. ബുമ്ര എത്തുന്നതോടെ ബൗളിങ് നിരയിലെ ആശങ്കകള്‍ക്ക് പരിഹാരമാകുമെന്നാണ് മുംബൈയുടെ കണക്കുകൂട്ടല്‍. കൂടാതെ ക്രിക്കറ്റ് പ്രേമികളും ബുമ്രയുടെ ഈ വരവിനെ ഏറെ ആകാംഷയോടെയാണ് കാണുന്നത്. അതേസമയം ബുമ്രയുടെ അഭാവത്തില്‍ സത്യനാരായണ രാജു, മലയാളിതാരം വിഘ്നേഷ് പുത്തൂര്‍, അശ്വനി കുമാര്‍ എന്നിവര്‍ അരങ്ങേറ്റം കുറിച്ചിരുന്നു.