കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ദുരന്തബാധിതര്‍ ഇപ്പോഴും പെരുവഴിയില്‍. പുനരധിവാസം വൈകുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ഉന്നയിച്ച് ദുരന്തബാധിതര്‍ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പാക്കേജ് അനുവദിക്കണമെന്നും മൂന്ന് വാര്‍ഡുകളിലെ മുഴുവന്‍ ആളുകളെയും ദുരന്തബാധിതരായി പ്രഖ്യാപിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണോ എന്ന് പരിശോധിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. വിഷയം ഉന്നതാധികാരസമിതി പരിശോധിക്കുകയാണ്. ഇത് സംബന്ധിച്ച് രണ്ടാഴ്ചക്കുളളില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കും.
കഴിഞ്ഞ ജുലൈ 30-നാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം എന്നീ ഗ്രാമങ്ങളെ തുടച്ചു നീക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 231 പേരുടെ ജീവനാണ് ഉരുള്‍പ്പൊട്ടലില്‍ പൊലിഞ്ഞത്. 78 പേര് ഇന്നും കാണാമറയത്താണ്. 62 കുടുംബങ്ങള്‍ പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെട്ടു. രാജ്യം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനാണ് വയനാട് സാക്ഷിയായത്.