ഇന്ത്യന്‍ ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് കേരള ഹൈക്കോടതി. മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നല്കിയ, മുസ്ലീം പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് വിധി പറഞ്ഞത്.
ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും വിധി പ്രസ്താവനയില്‍ പറഞ്ഞു. നൂറ്റാണ്ടുകളായുള്ള മതാചാരങ്ങളോട് യോജിപ്പോ വിയോജിപ്പോ കാണിക്കാനുള്ള അവകാശം എല്ലാ പൗരന്മാരുടെയും ഭരണഘടനപരമായ അവകാശമാണെന്നും കോടതി പറഞ്ഞു.
ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നല്‍കിയതുവഴി വിദ്യാര്‍ഥിനി മുസ്ലിം വ്യക്തിനിയമം ലംഘിച്ചെന്നും മുതിര്‍ന്ന പെണ്‍കുട്ടി മറ്റൊരു പുരുഷനെ സ്പര്‍ശിക്കുന്നതുവഴി വ്യഭിചാരം ചെയ്തെന്നും പരാമര്‍ശിച്ച് സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിപ്പിക്കുകയും ചെയ്തു.
നിയമ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കലാപത്തിന് ശ്രമിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കോഴിക്കോട് കുന്നമംഗലം പൊലീസ് തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുല്‍ നൗഷാദ് നല്കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.