രാജ്യത്ത് ആദ്യമായി സംവരണത്തിനുള്ളിലെ സംവരണം നടപ്പാക്കി തെലങ്കാന. എസ്സി വിഭാഗത്തിലെ 68 വിഭാഗങ്ങൾക്കാണ് സംവരണപരിധി നിശ്ചയിച്ച് സർക്കാർ ഗസറ്റ് ഉത്തരവ് പുറത്തിറക്കി. എസ്സി വിഭാഗങ്ങളെ പിന്നോക്കാവസ്ഥ അടിസ്ഥാനപ്പെടുത്തി മൂന്നാക്കി തിരിച്ച് സംവരണം നടപ്പാക്കാനാണ് തീരുമാനം. ഏറ്റവും പുതിയ ജാതി സെൻസസിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനത്തിലേക്ക് സംസ്ഥാനം എത്തിയത്.
തെലങ്കാനയിൽ ആകെ എസ്സി സംവരണം നിലവിൽ 15 ശതമാനമാണ്. ഇതിനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് സംവരണം നടപ്പാക്കുന്നത്. ഒന്നാം ഗ്രൂപ്പിൽ വരുന്ന സമുദായങ്ങളിലെ അംഗങ്ങൾക്ക് ഇനി മുതൽ ഒരു ശതമാനമായിരിക്കും സംവരണം. രണ്ടാമത്തെ ഗ്രൂപ്പിൽ ഒൻപത് ശതമാനം സംവരണം ഉണ്ടായിരിക്കും. മൂന്നാമത്തെ ഗ്രൂപ്പിൽ 5 ശതമാനമായിരിക്കും സംവരണം.
നേരത്തേ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ച് സംവരണത്തിനുള്ളിൽ സംവരണം നടപ്പാക്കാൻ അനുമതി നൽകിയിരുന്നു. ഈ ഉത്തരവ് പിൻപറ്റിയാണ് നീക്കം. ജോലികളിലും വിദ്യാഭ്യാസത്തിലും ഈ സംവരണനയം നടപ്പാക്കും. ഈ തീരുമാനം ജാതി സെൻസസ് അതിന്റെ പൂർണ അർത്ഥത്തിൽ നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി.