മിഥുൻ നാഥ്
അധികാര രാഷ്ട്രീയത്തിന്റെ ധാര്‍ഷ്ട്യം നവീന്‍ ബാബു എന്ന സത്യസന്ധനായ സര്‍ക്കാര്‍ ജീവനക്കാരന്റെ ജീവനെടുത്തിട്ട് ഇന്ന് ഒരാഴ്ച തികയുകയാണ്. ആ മരണത്തിന് ഉത്തരവാദിയായ സിപിഐഎം വനിതാ നേതാവ് ഇന്നും നിയമനടപടികള്‍ക്ക് വിധേയമാകാതെ കാണാമറയത്താണ്.
മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാപ്പഞ്ചായത്ത് മുന്‍ അധ്യക്ഷ പിപി ദിവ്യയെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതിചേര്‍ത്തെങ്കിലും ചോദ്യം ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് തലശേരി കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റിന് യാതൊരു നിയമതടസവുമില്ല.

പക്ഷെ ദിവ്യ ഒളിവിലെന്ന് പറഞ്ഞ് ഒളിച്ച് കളിക്കുകയാണ് പൊലീസ്. മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി സുപ്രീം കോടതി വരെ പോയിവരാനുള്ള സമയം നല്‍കാനുള്ള പാര്‍ട്ടിയുടേയും സര്‍ക്കാരന്റെയും വിശാല സമീപനമാകും ഇതിന് പിന്നില്‍. എതിര്‍പാര്‍ട്ടിയില്‍പെട്ട നേതാക്കളെ ഓരോ കേസിന്റെ പേരില്‍ വീട്ടില്‍ കയറി പോലും അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന കാഴ്ച കേരളജനത കണ്ടുകൊണ്ടിരിക്കുകയാണ്.
അപ്പോഴാണ് അധികാരത്തിന്റെ പരിലാളന ഈ പ്രതിക്ക് ലഭിക്കുന്നത്.. അന്വേഷണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച ഉണ്ടാകില്ലെന്നും ഇന്നലെ നടന്ന ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. ഇന്ന് നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച സ്പീക്കര്‍ എഎന്‍ ഷംസീര്‍ ശരിയായ രീതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നതെന്നാണ് പറഞ്ഞത്. പ്രതിയെ കസ്റ്റഡിയില്‍ എടുക്കാതെ എന്ത് ശരിയായ അന്വേഷണം. സര്‍ക്കാരിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

നവീന്റെ മരണം സംബന്ധിച്ച് വിവിധ തലത്തിലുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി ഇന്നലെ അന്വേഷണസംഘം രേഖപ്പെടുത്തി. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന മൊഴി കളക്ടര്‍ ആവര്‍ത്തിച്ചു. എന്നാല്‍ തലശേരി കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവ്യ പറയുന്നത് കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നാണ്.
യാത്രയയപ്പ് ദിവസം രാവിലെ ദിവ്യയും കളക്ടറും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം കളക്ടര്‍ സ്ഥിരീകരിച്ചെങ്കിലും എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. എഡിഎമ്മിന്റെ മരണശേഷം ദിവ്യയുമായി സംസാരിച്ചിട്ടില്ല. യാത്രയയപ്പ് യോഗത്തിലെ സംഭവങ്ങള്‍ക്ക് ശേഷം നവീനുമായി സംസാരിച്ചോ എന്നതിലും കളക്ടര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല.

എന്നാല്‍ നവീനുമായി നല്ല ബന്ധമായിരുന്നെന്നും അദ്ദേഹത്തിന് അവധി നിഷേധിച്ചിട്ടില്ലെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറയുന്നുണ്ട്. നവീന്‍ ബാബുവിനെതിരെ ടിവി പ്രശാന്തന് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുന്നതാണ് വിഷയത്തില്‍ അന്വേഷണം നടത്തിയ റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.
നവീന്‍ ബാബു കോഴ വാങ്ങിയതിനോ പെട്രോള്‍ പമ്പിനുള്ള എന്‍ഒസി ബോധപൂര്‍വം വൈകിപ്പിച്ചതിനോ തെളിവില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കും.
യാത്രയയപ്പ് ചടങ്ങിന് വിളിക്കാതെത്തി മൈക്കിന് മുന്നിലിരുന്ന് നവീന്‍ ബാബുവിനെതിരെ അധിക്ഷേപം ചൊരിഞ്ഞ പിപി ദിവ്യ അന്വേഷണസംഘത്തിന് മുന്നില്‍ തെളിവൊന്നും ഹാജരാക്കിയിട്ടില്ല. രണ്ട് ദിവസത്തിനകം എല്ലാ തെളിവുകളും പുറത്ത് വരുമെന്നായിരുന്നു ടങ്ങിലെ പ്രസംഗത്തില്‍ ദിവ്യ പറഞ്ഞത്.
ഒരാഴ്ചയായിട്ടും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കാവുന്ന ഒന്നും പുറത്ത് വിടാന്‍ ദിവ്യയ്ക്ക് കഴിഞ്ഞില്ല. അതില്‍ നിന്ന് ആരോപണങ്ങള്‍ വെറും പുകമറ മാത്രമായിരുന്നു എന്ന് തെളിയുകയാണ്. താന്‍ കൈക്കൂലി കൊടുത്തെന്ന് പറഞ്ഞ ടിവി പ്രശാന്തനും അതിനുള്ള തെളിവ് കൈമാറാന്‍ കഴിഞ്ഞിട്ടില്ല.