കൊല്ലം: കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയില്‍ വിപ്ലവ ഗാനം ആലപിച്ച സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്രോപദേശക സമിതി. ക്ഷേത്രത്തില്‍ നാട്ടുകാരും വ്യക്തികളും സംഘടനകളും ആണ് ഉത്സവ പരിപാടികള്‍ നടത്തുന്നതെന്നും അതില്‍ ഇടപെടാറില്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്കിയ വിശദീകരണത്തില്‍ പറയുന്നത്. പരിപാടി സ്പോണ്സര് ചെയ്യുന്നവരാണ് എല്‍ഇഡി വോള്‍ ഉള്‍പ്പെടെ ക്രമീകരിക്കുന്നത്, അതിലും തങ്ങള്‍ക്ക് പങ്കില്ലെന്ന് ഉപദേശക സമിതി മറുപടി നല്കി.
സ്ക്രീനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും കാണിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് ക്ഷേത്രോപദേശക സമിതിയും ഉത്സവ കമ്മിറ്റിയും. ക്ഷേത്രത്തിലെ സംഗീത പരിപാടിയില്‍ സിപിഐഎമ്മിന്റെ പ്രചാരണഗാനങ്ങളും വിപ്ലവഗാനങ്ങളും പാടിയതിനെതിരെ വലിയതോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം, കാണികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പാട്ടുകള്‍ പാടിയതെന്നാണ് ഉത്സവകമ്മിറ്റി ഭാരവാഹികളുടെ വിശദീകരണം.