മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി അനുപം ഖേർ. സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയിലൂടെ അദ്ദേഹത്തിന് ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിച്ചു. 2019 ൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഡോ മൻമോഹൻ സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ദ് ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റർ എന്ന ചിത്രത്തിൽ മൻമോഹൻ സിങ് ആയി അഭിനയിച്ചത് അനുപംഖേർ ആയിരുന്നു. സിനിമയില്‍ സിങിനെ തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് രംഗത്തെത്തിയിരുന്നു .
‘ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന സിനിമയ്ക്കായി ഒരു വർഷത്തിലേറെ അദ്ദേഹത്തെ പഠിച്ചപ്പോൾ, ശരിക്കും ഞാൻ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചതായി തോന്നി. അദ്ദേഹം സ്വതവേ ഒരു നല്ല മനുഷ്യനായിരുന്നു. വ്യക്തിപരമായി തികച്ചും സത്യസന്ധനും മികച്ച സാമ്പത്തിക വിദഗ്ധനും വളരെ വിനയാന്വിതനുമായ വ്യക്തി. മിടുക്കനായ രാഷ്ട്രീയക്കാരനല്ലെന്ന് ചിലർ പറയുമായിരിക്കും! അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം. ഓം ശാന്തി’- എന്ന് അനുപംഖേർ രേഖപ്പെടുത്തി.
ഡോ മൻമോഹൻ സിങ് സ്വതവേ ഒരു നല്ല മനുഷ്യനായിരുന്നു; സൗമ്യനും ശോഭയുള്ളതും മിടുക്കനും ദയയുള്ളവനുമായിരുന്നു . നിങ്ങൾ ഇപ്പോൾ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ കാണുകയാണെങ്കിൽ, ആ ഗുണങ്ങളെല്ലാം എനിക്ക് ഒരു പരിധിവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടെന്ന് നിങ്ങൾക്ക് മനസിലാകും.
പല കാരണങ്ങളാൽ ഞാൻ ഈ സിനിമ നിരസിച്ചിരുന്നു. ഈ വേഷത്തിലൂടെ ഞാൻ അദ്ദേഹത്തെ കളിയാക്കുകയാണെന്ന് ആളുകൾ കരുതുമെന്ന് ഞാൻ കരുതി. സിനിമയിൽ അദ്ദേഹത്തെ ഒരു കാരിക്കേച്ചർ ആക്കിമാറ്റാൻ ഞാൻ ആഗ്രഹിച്ചില്ല. ഒടുവിൽ സിനിമ ചെയ്തപ്പോൾ, ഞാൻ അദ്ദേഹത്തോട് നീതി പുലർത്തി എന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് എന്ന് അനുപം ഖേർ പറഞ്ഞു.
അനുപം ഖേർ, ഡോ. സിങിനെ അർഹിക്കുന്ന മാന്യതയോടും സൂക്ഷ്മതയോടും കൂടി ചിത്രീകരിക്കുന്നതിനുപകരം, അതിശയോക്തി കലർന്ന പെരുമാറ്റരീതികളോടെ കാർട്ടൂണിഷ് പതിപ്പാക്കി മാറ്റി എന്ന് വിമർശനങ്ങൾ വന്നു . മൻമോഹൻ സിങിനെ അപകീർത്തിപ്പെടുത്താനും അപമാനിക്കാനും അദ്ദേഹത്തിൻ്റെ പ്രതിച്ഛായ തകർക്കാനും ഒരു പ്രൊപോഗാണ്ട സിനിമ ചെയ്ത അനുപംഖേർ അദ്ദേഹത്തിന്റെ മരണത്തിൽ വ്യാജ ആശങ്കയും കണ്ണീരും കാണിക്കുന്നു എന്നതിൽ നിരവധി വിമർശനങ്ങളാണ് ഉയർന്ന് വരുന്നത്.