റിയാദ്: റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല. ഇന്ന് രാവിലെ എട്ടിന് റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു. എന്നാല്‍ ആറാം തവണയും കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു.
സൗദി അറേബ്യയില്‍ സ്വദേശി ബാലന് കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ റദ്ദാക്കി ആറ് മാസമായിട്ടും റിയാദ് ജയിലില്‍ തുടരുകയാണ് റഹീം. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയാണ് അബ്ദുല്‍ റഹീം. ഇന്ന് നടന്ന ഓണ്‍ലൈന്‍ സിറ്റിംഗില്‍ ജയിലില്‍ നിന്ന് റഹീമും ഹാജരായിരുന്നു.
പ്രോസിക്യൂഷന്റെ വാദം കേള്‍ക്കലും പ്രതിഭാഗത്തിന്റെ മറുപടി പറച്ചിലുമായി ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടപ്പോള്‍ നടപടികള്‍ ഒരു തീര്‍പ്പിലെത്തും എന്നായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍, കേസ് വീണ്ടും മാറ്റിവയ്ക്കുന്നു എന്ന അറിയിപ്പാണ് കോടതി നല്‍കിയത്. കേസ് ഇനി പരിഗണിക്കുന്ന തീയതി ഉടന്‍ അറിയാനാകും.