മംഗളൂരു: മുത്തൂറ്റ് ഫിനാൻസിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് മലയാളികൾ പിടിയിൽ. ഇടുക്കി രാജമുടി സ്വദേശി മുരളി (55), കാഞ്ഞങ്ങാട് അനത്തലെ വീട്ടിൽ ഹർഷാദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡെർലക്കട്ടെ ജംഗ്ഷന് സമീപമുള്ള മുത്തൂറ്റ് ഫിനാൻസിൽ മാർച്ച് 29-ന് രാത്രിയാണ് കവർച്ചാ ശ്രമം നടന്നത്.
പുലർച്ചെ മൂന്ന് മണിയോടെ മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചിന്റെ വാതിൽ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ. മോഷ്ടാക്കൾ പൂട്ടുകൾ തകർക്കാൻ ശ്രമിക്കുന്നതിനിടെ ധനകാര്യ കമ്പനിയുടെ സൈറൺ മുഴങ്ങുകയായിരുന്നു. ഈ സമയം ബാങ്കിന് സമീപം പെട്രോളിംഗ് നടത്തുകയായിരുന്ന കൊണാജെ പൊലീസ് സംഭവസ്ഥലത്ത് എത്തി മോഷ്ടാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.