റോബർട്ട് വാദ്രയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മരുമകൻ ആണെങ്കിലും ഗാന്ധി കുടുംബത്തിലെ നിറസാന്നിധ്യമാണ് റോബർട്ട് വാദ്ര. രാജീവ് ഗാന്ധിയുടെ മകളും ഇന്ദിരാ ഗാന്ധിയുടെ ചെറുമകളുമായ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവാണ് അദ്ദേഹം. രാഷ്ട്രീയ മോഹം പല അവസരങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ടെലും വ്യാവസായരംഗത്തായിരുന്നു അദ്ദേഹത്തിന്റെ സജീവ ഇടപെടലുകൾ. പ്രിയങ്കയ്ക്കു പിന്നാലെ ശരിയായ സമയത്ത് താന്‍ പാര്‍ലമെന്റില്‍ എത്തുമെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രിയങ്കയുമായുള്ള വിവാഹത്തിന് ശേഷം പലതവണ പാർട്ടി വേദികളിൽ അദ്ദേഹം എത്തിയിട്ടുണ്ട്.
പ്രധാനമായും തെരഞ്ഞെടുപ്പ് വേളകളിലാണ് റോബർട്ട് വാദ്ര എത്തിയിട്ടുള്ളത്. എന്നാൽ, അപ്പോഴൊന്നും മത്സര മോഹമൊന്നും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് മത്സരിക്കാനുള്ള താല്പര്യം വാദ്ര പ്രകടിപ്പിച്ചത്. താന്‍ അമേഠിയില്‍ മത്സരിക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യം ഉയരുന്നുണ്ടെന്ന് വദ്ര അന്ന് അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തന്റെ ആഗ്രഹം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ കുടുംബത്തിന്റെ അനുഗ്രഹത്തോടെ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നാണ് റോബര്‍ട്ട് വദ്ര പറഞ്ഞത്.
ഗാന്ധി കുടുംബവുമായുള്ള ബന്ധം കാരണം വര്‍ഷങ്ങളായി തന്നെ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ചയ്ക്കാറുണ്ടെന്നും അദ്ദേഹം പങ്കുവെക്കുകയാണ്. ഗാന്ധി കുടുംബത്തിലെ അംഗം എന്ന നിലയിലാണ് തനിക്ക് രാഷ്ട്രീയവുമായുള്ള ബന്ധമെന്നും എന്നാല്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പല പാര്‍ട്ടികളും എന്റെ പേര് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഓരോ തവണയും തെരഞ്ഞെടുപ്പ് ഉണ്ടാകുമ്പോള്‍ ബിജെപി തന്റെ പേര് പരാമര്‍ശിക്കുന്നുവെന്ന പരാതി വദ്രയ്ക്കുണ്ട്. അവര്‍ക്കെതിരേ ഒരു വിവാദം ഉണ്ടാകുമ്പോഴെല്ലാം അതില്‍ നിന്ന് വഴിതിരിച്ചുവിടാന്‍ തന്റെ പേര് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചാല്‍, എന്റെ കുടുംബത്തിന്റെയും പാര്‍ട്ടിയുടെയും അനുഗ്രഹത്തോടെ ആ തീരുമാനമെടുക്കുമെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും എന്ത് മാറ്റം കൊണ്ടുവരാനാകുമെന്നും കൃത്യമായ ധാരണയുണ്ടെന്നും വദ്ര പറഞ്ഞുവെക്കുന്നു. തന്നെ രാഷ്ട്രീയത്തിലേക്കിറക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സോണിയ ഗാന്ധിയോടും പാർട്ടി നേതാക്കളോടും ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വദ്ര പറഞ്ഞതുപോലെ തന്നെ പല പ്രതിസന്ധികളിലും കോൺഗ്രസിനെ വിടാതെ പിന്തുടർന്ന ആരോപണ ശരം കൂടിയായിരുന്നു വദ്രയ്ക്കെതിരായ നിയമനടപടികൾ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് അമേഠിയിൽ മത്സരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ താല്പര്യം തള്ളിക്കളഞ്ഞതും ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്നത് കൊണ്ടായിരുന്നു. മത്സരിക്കാന്‍ താല്പര്യമറിയിച്ച് വദ്ര മാധ്യമങ്ങളെ കണ്ടതില്‍ സോണിയ ഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും കടുത്ത അമര്ഷമുണ്ടാകുകയും ചെയ്തിരുന്നു. കുടുംബ പാര്‍ട്ടിയെന്ന മോദിയുടെ പരിഹാസത്തിന് ആക്കം കൂട്ടുന്നതായിരുന്നു മത്സരിക്കാന്‍ കുപ്പായം തുന്നിയുള്ള വദ്രയുടെ വരവ്. വദ്ര മത്സരിച്ചാല്‍ പല അഴിമതി കേസുകളും പൊങ്ങി വരാനുള്ള സാധ്യതയും കോണ്‍ഗ്രസ് മുന്നില്‍ കണ്ടു. പാര്‍ട്ടിയെ മൊത്തത്തില്‍ വെള്ളത്തിലാക്കാനും അതിന് കഴിയുമെന്ന് അവർ കണക്കുകൂട്ടി. ഏറെക്കുറെ ആ കണക്കുകൂട്ടൽ അന്ന് വിജയം കാണുകയും ചെയ്തിരുന്നു.
ഗാന്ധി കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമായിരുന്നു ഒരുകാലത്ത് അമേഠി. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധിയടക്കം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിൽ എത്തിയിട്ടുണ്ട്. എന്നാൽ 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ, സ്മൃതി ഇറാനി തോൽപിച്ചതോടെയാണ് മണ്ഡലം കോൺഗ്രസിന്റെ കൈകളിൽ നിന്നും വഴുതുന്നത്. എന്നാൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരിലാൽ ശർമയെ മുൻനിർത്തി മണ്ഡലം കോൺഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരികെ പിടിക്കുകയായിരുന്നു. അതേസമയം, റോബര്‍ട്ട് വദ്രക്കെതിരായ എന്‍ഫോഴ്സമെന്റ് നടപടികളെ രാഷ്ട്രീയമായി നേരിടുകയും ചെയ്തിട്ടുണ്ട് കോണ്‍ഗ്രസ്. ബിജെപി ഉയര്‍ത്തുന്ന വ്യക്തിപരമായ അധിഷേപങ്ങളെ നേരിടാന്‍ സംഘടന ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്ന ആധികാരികമായ സന്ദേശം പല ആവർത്തി പാർട്ടി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും വദ്രയുടെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ബിജെപി ഇതുവരെയും ഒന്നും പ്രതികരിച്ചിട്ടില്ല.