തിരുവനന്തപുരം: മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികൾക്ക് പുത്തൻ യാത്രാനുഭവം പകരാനും KSRTC. മൂന്നാറിലെ യാത്ര കൂടുതൽ സൗന്ദര്യമുള്ളതാക്കാൻ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് പുറത്തിറക്കിയിരിക്കുകയാണ് KSRTC ഇപ്പോൾ.
പുതിയ റോയൽ വ്യൂ ബസിൽ മേൽക്കൂരയിലും വശങ്ങളിലും സുതാര്യമായ ഗ്ലാസ് പാനലുകൾ ആണ് ഉള്ളത്. ഇത് യാത്രക്കാർക്ക് ഹിൽ സ്റ്റേഷനിലൂടെ യാത്ര ചെയ്യുമ്പോൾ തടസ്സമില്ലാത്തതും മനോഹരവുമായ കാഴ്ച അനുഭവം നൽകും.
മുകളിലെ ഡെക്കിൽ 38 പേർക്കും താഴത്തെ ഡെക്കിൽ 12 പേർക്കും യാത്ര ചെയ്യാവുന്ന രീതിയിലാണ് സീറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാർക്ക് സുഖകരമായ യാത്ര ഉറപ്പാക്കാൻ കുടിവെള്ളം, ലഘുപാനീയങ്ങള്‍ എന്നിവ ബസില്‍ ലഭിക്കും. കൂടാതെ യാത്ര കൂടുതൽ രസകരമാക്കാൻ ഒരു മ്യൂസിക് സിസ്റ്റവും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.
റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്റെ ഉത്ഘാടനം ഗതാഗത മന്ത്രി മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്ത ബസ് പത്ത് ദിവസത്തിനുള്ളിൽ മൂന്നാറിലെത്തിച്ച് വിനോദസഞ്ചാരികൾക്കായി സർവീസ് ആരംഭിക്കും.