തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നവീകരണത്തിന്റെ ഭാഗമായി ജനുവരി 14 മുതൽ പകൽ സമയത്ത് തിരുവനന്തപുരത്തെ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. റൺവേയുടെ ഉപരിതലത്തിന്റെ സമഗ്ര മാറ്റം ഉൾപ്പെടുന്ന റീകാർപ്പെറ്റിങ് പ്രവർത്തനങ്ങളാണ് നടത്തുന്നത്. നവീകരണം ജനുവരി 14 മുതൽ മാർച്ച് 29 വരെ നടക്കും. ഈ കാലയളവിൽ, രാവിലെ 9 മുതൽ വൈകിട്ട് 6 വരെ റൺവേ അടച്ചിടും.
ഈ സമയങ്ങളിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ സമയക്രമം മാറ്റിയതായും, വിമാനക്കമ്പനികൾ യാത്രക്കാരെ ഇക്കാര്യം അറിയിക്കുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു. റൺവേയുടെ 32 മുതൽ ഓൾ സെയിന്റ്സ് ഭാഗം വരെ പുനർനിർമ്മിക്കുന്നതായും 2017-ലായിരുന്നു ഇതിന്റെ അവസാന നവീകരണ നടപടിയെന്നും എയർപോർട്ട് അധികൃതർ കൂട്ടിച്ചേർത്തു. എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിംഗ് സംവിധാനങ്ങൾ എൽഇഡിയിലേക്ക് മാറ്റുകയും പുതിയ സ്റ്റോപ്പ് ബാർ ലൈറ്റ് സ്ഥാപിക്കുകയും ചെയ്യുമെന്ന് എയർപോർട്സ് അതോറിറ്റി വിശദീകരിച്ചു.