കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കൊയിലാണ്ടി. വരുന്ന തെരഞ്ഞെടുപ്പ് എല്ലാ മുന്നണികളെ സംബന്ധിച്ചും നിർണായകമായ ഒന്ന് ആയതുകൊണ്ട് തന്നെ മുന്നണികളും പാർട്ടികളും അത്രകണ്ട് ശ്രദ്ധയോടെ മുന്നോട്ടു പോവുകയാണ്. കൊയിലാണ്ടിയിൽ മണ്ഡലം ഇപ്പോൾ കൈവശം വച്ചിരിക്കുന്നത് ഇടതുപക്ഷമാണ്. സിപിഎമ്മിന്റെ വനിതാ നേതാവായ കാനത്തില് ജമീലയാണ് കൊയിലാണ്ടിയിലെ ഇപ്പോഴത്തെ എംഎൽഎ.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, പയ്യോളി നഗരസഭകളും, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി , തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊയിലാണ്ടി നിയമസഭാമണ്ഡലം. 1957ലാണ് മണ്ഡലം നിലവിൽ വരുന്നത്. മണ്ഡലം രൂപീകരിച്ചതിനു ശേഷം 1991 വരെ തുടർച്ചയായി കോൺഗ്രസ് സ്ഥാനാർത്ഥികൾ മാത്രമായിരുന്നു വിജയിച്ചു വന്നിരുന്നത്.
1996ൽ പി വിശ്വനിലൂടെയാണ് മണ്ഡലത്തിൽ സിപിഎം വിജയക്കൊടി പാറിപ്പിക്കുന്നത്. എന്നാൽ 2001ൽ പി ശങ്കരനിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. അടുത്ത തവണയും അദ്ദേഹം തന്നെ വിജയം ഉറപ്പിച്ചു. പിന്നീട് ദാ ഇപ്പോൾ വരെയും സിപിഎം തന്നെയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
അടുത്ത തവണ കാനത്തിൽ ജമീല മത്സരിക്കുമെന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങൾ അന്തരീക്ഷത്തിൽ പടരുന്നുണ്ട്. യുഡിഎഫ് ആകട്ടെ കാലങ്ങളോളം അവർ നയിച്ച മണ്ഡലം തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കെഎസ്യു സംസ്ഥാന പ്രസിഡന്റും നിലവിലെ എൻഎസ് യുഐ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത്തിന്റെ പേരാണ് കോൺഗ്രസ് നേതാക്കളുടെ മനസ്സിൽ ഉള്ളത്.
കെഎം അഭിജിത്ത് എ ഗ്രൂപ്പ് വിഭാഗക്കാരനാണ്. കഴിഞ്ഞ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു ഘട്ടത്തിൽ അഭിജിത്തിനെ പരിഗണിച്ചിരുന്നു. പിന്നീട് എൻ എസ് യു ഐ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് തന്നെ തൽക്കാലം തുടരുക എന്ന നിർദ്ദേശമാണ് അഭിജിത്തിന് ഗ്രൂപ്പ് നൽകിയത്.
അടുത്ത യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ അഭിജിത്തിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാമെന്നായിരുന്നു അന്നത്തെ എ ഗ്രൂപ്പിലെ ധാരണ. അധ്യക്ഷ പദവിയിലേക്ക് എ ഗ്രൂപ്പ് സജീവമായി പരിഗണിച്ചിരുന്നത് തിരുവനന്തപുരത്തുനിന്നുള്ള ജെ എസ് അഖിലിനെയായിരുന്നു. അഖിലിനെ നോമിനിയാക്കാനായിരുന്നു എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കൾക്ക് താത്പര്യം. എന്നാൽ രാഹുലിന് വേണ്ടി ഷാഫി പറമ്പിൽ കടുംപിടുത്തം പിടിച്ചതോടെയാണ് ഗ്രൂപ്പ് നേതൃത്വം ആ തീരുമാനത്തിൽ നിന്ന് പിന്മാറിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം കയ്യെത്താ ദൂരത്ത് നഷ്ടപ്പെട്ടതോടെ എംഎൽഎ സ്ഥാനാർത്ഥിത്വം അഭിജിത്തിന് നിർബന്ധമായും നൽകണമെന്ന് എ ഗ്രൂപ്പ് നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ സംഘടനയ്ക്ക് നടത്തുവാനായ മുന്നേറ്റങ്ങളാണ് അഭിജിത്തിന് കൂടുതൽ സാധ്യതകൾ നൽകുന്നത്. രാഷ്ട്രീയ വിഷയങ്ങളിലെ ക്രിയാത്മകമായ ഇടപെടലുകളും സമരരംഗങ്ങളിലെ സജീവതയും അഭിജിത്തിന് മുതൽക്കൂട്ടാണ്. കെഎസ്യു പ്രസിഡന്റ് ആയിരിക്കെ സംസ്ഥാനത്തൊട്ടാകെ ആഴത്തിലുള്ള ബന്ധങ്ങൾ അഭിജിത്തിന് ഉണ്ടായിരുന്നു. പൊതുവേ എല്ലാവർക്കും സ്വീകാര്യമാകുന്ന പെരുമാറ്റമാണ് അഭിജിത്തിന്റെത്. കൊയിലാണ്ടിയിലെ ആഴത്തിലുള്ള വ്യക്തി ബന്ധങ്ങളും അദ്ദേഹത്തിന് ഗുണകരമാകുന്നുണ്ട്.
ഒരു ചെറുപ്പക്കാരനെ ചെറുപ്പക്കാരനെ കോൺഗ്രസ് മുന്നോട്ടുവെക്കുമ്പോൾ എസ് കെ സജീഷിലൂടെ മറുപടി നൽകുവാനാണ് സിപിഎം ആലോചിക്കുന്നത്. ചാനൽ ചർച്ചകളിലെ സിപിഎമ്മിന്റെ സജീവ മുഖമാണ് സജീഷ്. എസ്എഫ്ഐ യിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ഡിവൈഎഫ്ഐയുടെ മുൻ സംസ്ഥാന ട്രഷറർ ആയിരുന്നു. ചാനൽ ചർച്ചകളിൽ സിപിഎമ്മിന്റെ രാഷ്ട്രീയം വ്യക്തമായും കൃത്യതയോടെ പറഞ്ഞിട്ടുള്ള അദ്ദേഹത്തെ രാഷ്ട്രീയ എതിരാളികൾ ട്രോളുകൾ കൊണ്ട് നിരന്തരം ആക്രമിച്ചിരുന്നു.
കൊയിലാണ്ടിയോട് ചേർന്ന് കിടക്കുന്ന പേരാമ്പ്ര മണ്ഡലത്തിലാണ് സജീഷിന്റെ സ്വദേശം. സംഘടനാപരമായി അദ്ദേഹത്തിന് ഏറെ ബന്ധങ്ങൾ ഉള്ള കൊയിലാണ്ടിയിൽ മത്സരിച്ചാൽ ഇപ്പോഴുള്ള വിജയം തുടരുവാൻ കഴിയുമെന്ന് സിപിഎം കരുതുന്നു. സ്ഥാനാർത്ഥികൾക്ക് അപ്പുറത്തേക്ക് ഭരണവിരുദ്ധ തരംഗം കോൺഗ്രസിന് അനുകൂലമാകുമെന്ന് നേതാക്കൾ കരുതുമ്പോൾ മണ്ഡലത്തിൽ ആഴത്തിലുള്ള സിപിഎം വോട്ടുകൾ തങ്ങളുടെ കോട്ട മറ്റാരും കയ്യേറുവാൻ കഴിയാത്ത തരത്തിൽ നിലനിർത്തുമെന്ന് സിപിഎം ഉറച്ചു വിശ്വസിക്കുന്നു.
മുഖ്യമന്ത്രിയെയും മന്ത്രി റിയാസിനെ സംബന്ധിച്ച് കോഴിക്കോട് ജില്ലയിലെ പരമാവധി മണ്ഡലങ്ങൾ വിജയിക്കേണ്ടത് രാഷ്ട്രീയ അനിവാര്യതയാണ്. സ്വാഭാവികമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ കടന്നു വരുവാൻ സാധ്യതകളുള്ള റിയാസിന് തനിക്കൊപ്പം പരമാവധി എംഎൽഎമാർ ഉണ്ടാകണമെന്നുണ്ട്. അതുകൊണ്ടുതന്നെ ഏറെക്കുറെ കൊയിലാണ്ടി ഉൾപ്പെടെയുള്ള എല്ലാ മണ്ഡലങ്ങളുടെയും ചരട് റിയാസിന്റെ കയ്യിൽ തന്നെയാണ്. കോഴിക്കോട് ജില്ലാ സമ്മേളനം പൂർത്തിയായപ്പോഴും നമ്മൾ അത് കണ്ടതാണ്. നിലവിലെ സിപിഎം ജില്ലാ സെക്രട്ടറി മെഹബൂബ് റിയാസിന്റെ സ്വന്തമാളാണ്. കൊയിലാണ്ടിയിൽ സജീഷും അഭിജിത്തും തമ്മിലുള്ള പോരാട്ടം കനക്കുമ്പോൾ ആര് മണ്ഡലം പിടിച്ചെടുക്കും എന്നത് പ്രവചനങ്ങൾക്ക് അതീതമാണ്.