പത്തനംതിട്ട: പന്ത്രണ്ട് വര്‍ഷത്തിനുശേഷം അയ്യപ്പ രൂപം മുദ്രണം ചെയ്ത ലോക്കറ്റ് വീണ്ടും പുറത്തിറക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബുധനാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തിൽ ചര്‍ച്ചചെയ്യും. ദേവസ്വംബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ലോക്കറ്റ് വീണ്ടും ഇറക്കുന്നത്. ഒരുഗ്രാം മുതല്‍ എട്ടുഗ്രാംവരെ വിവിധ തൂക്കത്തിലുള്ള ലോക്കറ്റുകളാണ് തയ്യാറാക്കാനൊരുങ്ങുന്നത്. ഇത്തവണ കരാറുകാര്‍തന്നെയാണ് സ്വര്‍ണംവാങ്ങി പണിയേണ്ടത്.
സ്വര്‍ണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി ഏറ്റവും കുറഞ്ഞനിരക്കില്‍ ചെയ്യാന്‍ സന്നദ്ധരായവരെ ഇതിനായി പരിഗണിക്കുമെന്നും പ്രമുഖ ജൂവലറികള്‍ ലോക്കറ്റ് പണിതുനല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡംഗം അഡ്വ. എ. അജികുമാര്‍ പ്രതികരിച്ചു. നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ 20 ദിവസംവരെ എടുത്താലും മകരവിളക്കിന് ഇനി 34 ദിവസങ്ങള്‍കൂടി ശേഷിക്കുന്നതിനാല്‍ അവസാനത്തെ രണ്ടാഴ്ചയെങ്കിലും പൂജിച്ച ലോക്കറ്റ് വിതരണം ചെയ്യാനാകുമെന്ന കണക്കുകൂട്ടലിലാണ് ദേവസ്വം ബോർഡ്.