കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ജീവകാരുണ്യ പദ്ധതിയായ സഹോദരൻ കരുതലിന്റെ നാലാം വർഷത്തിലേക്ക്. സഹോദരൻ പദ്ധതിയുടെ മൂന്നാം വാർഷിക ആഘോഷം ഫെബ്രുവരി 9ന് പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കുന്ന ചടങ്ങിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അധ്യക്ഷത വഹിക്കും.
വിവാഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 100 സഹോദരിമാർക്ക് സഹോദരൻ കൈത്താങ്ങാകും. ലഭിച്ച അപേക്ഷകളിൽ നിന്ന് അർഹരായ നൂറ് പേർക്ക് ഒരുലക്ഷം രൂപ വീതം നൽകുന്ന പദ്ധതി ഗവർണർ ഉദ്ഘാടനം ചെയ്യും. അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രവർത്തകരാണ് സഹോദരിക്ക് ഒരു തരി പൊന്ന് എന്ന ക്യാംപെയിനിലൂടെ ഈ തുക സമാഹരിച്ചത്. ഇതിന് പുറമേ സഭയുടെ സേവന വിഭാഗമായ ആർദ്ര ചാരിറ്റബിൾ ട്രസ്റ്റ് 100 വിവാഹ സാരികളും നൽകും. മണവാട്ടിക്കൊരു പുടവ എന്ന പേരിലാണ് സഹോദരൻ പദ്ധതിയിലൂടെ ഈ വിവാഹ സമ്മാനം വിതരണം ചെയ്യുന്നത്.
തന്റെ മുൻഗാമി ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ സ്മരണക്കായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ തുടക്കം കുറിച്ച ജീവകാരുണ്യപദ്ധതിയാണ് സഹോദരൻ. 2022 ഫെബ്രുവരിയിൽ തുടക്കം കുറിച്ച പദ്ധതി വഴി ഇതിനോടകം 16 കോടി രൂപയുടെ സഹായം ജാതി-മത ഭേദമെന്യേ ക്ലേശമനുഭവിക്കുന്നവരിലേക്ക് എത്തിച്ചു.
സഹോദരന്റെ സ്നേഹസ്പർശം ഇതുവരെ
ചികിത്സാ സഹായം : 1850 പേർക്ക് 5.16 കോടി രൂപ
വിദ്യാഭ്യാസ സഹായം : 721 പേർക്ക് 4 കോടി
വീട് നിർമ്മാണം : 313 പേർക്ക് 5.14 കോടി
വിവാഹം : 191 പേരുടെ വിവാഹം നടത്തി
കൃഷിനാശം,ഇതരസഹായം : 62ലക്ഷം.
പല തുള്ളി പെരുവെള്ളം = സഹോദരൻ : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ.
മെത്രാപ്പോലീത്തയായി സേവനം അനുഷ്ഠിക്കുന്ന കാലത്ത് തുടക്കം കുറിച്ച 17 ജീവകാരുണ്യ പദ്ധതികൾക്ക് സുമനസുകൾ നൽകിയ പിന്തുണയാണ് സഹോദരന്റെയും ഊർജ്ജമെന്ന് പരിശുദ്ധ കാതോലിക്കാബാവാ പറഞ്ഞു. ജീവിതയാത്രയിൽ പലകാരണങ്ങൾക്കൊണ്ട് സങ്കടക്കടലിൽ അകപ്പെടുന്നവരുണ്ട്.
സാമ്പത്തിക പ്രതിസന്ധി,രോഗങ്ങൾ, മാനസികവെല്ലുവിളി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ദുരിതവുമായി ജീവിക്കുന്ന എത്രയോ പേർ. അവർക്ക് പ്രതീക്ഷയുടെ ഒരു തിരിവെട്ടം പകരാൻ നമുക്ക് കഴിയണം. മതമോ, ജാതിയോ, വർഗമോ, വർണമോ അതിന് തടസമാകരുത്. ഈ ആശയത്തിലൂന്നിയാണ് സഹോദരന്റെ പ്രവർത്തനം.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി സുമനസുകൾ നൽകുന്ന ചെറുതും വലുതുമായ സംഭാവനകളാണ് പദ്ധതിയെ മുന്നോട്ട് നയിക്കുന്നത്. കുഞ്ഞുങ്ങൾ അവരുടെ പിറന്നാൾ ആഘോഷത്തിൽ നിന്നും, വധൂ-വരൻമാർ വിവാഹ ആഘോഷത്തിന്റെ ചിലവ് കുറച്ചുമൊക്കെ നൽകുന്ന വിഹിതങ്ങൾ ചേരുമ്പോൾ പ്രയാസമനുഭവിക്കുന്ന മനുഷ്യരുടെ മുഖത്ത് പുഞ്ചിരി തിരികെയെത്തും.