മുംബൈ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ബാന്ദ്ര പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് മോഷണ ശ്രമത്തിനിടെ നടത്തിയ ആക്രമണമെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ ശാസ്ത്രീയ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതിയിലേക്കു നയിച്ച തെളിവുകളും ശാസ്ത്രീയ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ ആയിരം പേജുള്ള കുറ്റപത്രമാണു ബാന്ദ്ര കോടതിയില്‍ സമര്‍പ്പിച്ചത്. സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ കത്തിയുടെ ഭാഗങ്ങളും പ്രതിയുടെ പക്കലുള്ള കത്തിയും സെയ്ഫ് അലിഖാനെ കുത്തിയ കത്തിയും ഒന്നാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കൂടാതെ, പ്രതിയുടെ ഇടതു കൈയുടെ വിരലടയാളവും സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റു ഫൊറന്‍സിക് തെളിവുകളും പ്രതിയെ സ്ഥിരീകരിക്കാന്‍ പൊലീസിനു സഹായകമായെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ജനുവരി 16നാണു ബാന്ദ്രയിലെ സെയ്ഫ് അലിഖാന്റെ വസതിയില്‍ അതിക്രമിച്ചു കയറിയ പ്രതി നടനെ കുത്തിപ്പരുക്കേല്‍പ്പിക്കുന്നത്. താനെയില്വച്ചാണു പ്രതിയെ പൊലീസ് പിടികൂടിയത്.