ബോളിവുഡ് താരം സൈഫ് അലി ഖാന്റെ പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 15,000 കോടിയുടെ സ്വത്ത് മധ്യപ്രദേശ് സർക്കാർ ഏറ്റെടുത്തേക്കും. ഭോപ്പാലിൽ കൊഹേഫിസ മുതൽ ചിക്ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ സ്വത്തുവകകൾ. 2014ലാണ് കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപർട്ടി വിഭാഗം സെയ്ഫ് അലി ഖാന് നോട്ടീസ് നൽകിയത്. ഭോപ്പാൽ നവാബായിരുന്ന ഹാമിദുല്ലാ ഖാന് മൂന്ന് പെൺമക്കളാണ് ഉണ്ടായിരുന്നത്. മൂത്ത മകളായ ആബിദ സുൽത്താൽ 1950ൽ പാകിസ്താനിലേക്ക് പോയിരുന്നു. രണ്ടാമത്തെ മകളായ സാജിദ സുൽത്താൻ ഇന്ത്യയിൽ തുടർന്നു.
നവാബ് ഇഫ്തിഖാർ അലി ഖാൻ പട്ടൗഡിയെ വിവാഹം ചെയ്ത സാജിദക്കായിരുന്നു പിന്നീട് ഈ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം. സാജിദയുടെ പേരക്കുട്ടിയാണ് സെയ്ഫ് അലി ഖാൻ. സ്വത്തിന്റെ ഒരു ഭാഗം പാരമ്പര്യമായി അദ്ദേഹത്തിനും ലഭിച്ചു. എന്നാൽ അബിദാ സുൽത്താൻ പാകിസ്താനിലേക്ക് പോയത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് സർക്കാർ ഇത് ശത്രു സ്വത്തായി പ്രഖ്യാപിച്ചത്. 2019ൽ സാജിദ സുൽത്താനെ സ്വത്തിന്റെ നിയമപരമായ അവകാശിയായി കോടതി അംഗീകരിച്ചിരുന്നു. സെയ്ഫിന്റെ ഹരജി കോടതി തള്ളിയതോടെയാണ് നിയമപ്രശ്നം വീണ്ടും സജീവമാകുന്നത്.