ഡല്‍ഹി: വഖഫ് നിയമഭേദഗതി ചോദ്യംചെയ്ത് സമസ്ത സുപ്രീംകോടതിയെ സമീപിച്ചു. വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റാനാണ് നിയമം കൊണ്ടുവന്നതെന്നാണ് സമസ്ത സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ ആരോപണം. വഖഫ് ഭേദഗതി വഖഫ് ബോര്‍ഡുകളെ ദുര്‍ബലപ്പെടുത്തുമെന്നും ഹര്‍ജിയില്‍ പറയുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഹര്‍ജി അഭിഭാഷകന് സുല്‍ഫിക്കര്‍ അലിയാണ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
അതേസമയം, പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്കി. ഇതോടെ ബില്‍ നിയമമാക്കി വിജ്ഞാപനം ചെയ്തുകൊണ്ടുളള ഉത്തരവ് കേന്ദ്രം പുറത്തിറക്കി. രാജ്യസഭ പാസാക്കി മണിക്കൂറുകള്‍ക്കകം തന്നെ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പ്രതിപക്ഷത്തിന്റെയും മറ്റ് മുസ്ലീം സംഘടനകളുടെയും പ്രതിഷേധത്തിനിടെയാണ് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ലിനെതിരെ കോണ്‍ഗ്രസുള്‍പ്പെടെയുളള പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയും ബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് മുസ്ലീം ലീഗ് രാഷ്ട്രപതിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.
ലോക്സഭയില്‍ 288 എംപിമാര്‍ വഖഫ് ഭേദഗതിക്ക് അനുകൂലമായി വോട്ടുചെയ്തപ്പോള്‍ 232 പേര് എതിര്‍ത്ത് വോട്ട് ചെയ്തു. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ബില്‍ ലോക്സഭ പാസാക്കിയത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് രാജ്യസഭ ബില്‍ പാസാക്കിയത്. 128 പേര് ബില്ലിനെ അനുകൂലിക്കുകയും 95 പേര് എതിര്‍ക്കുകയും ചെയ്തു. 13 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ പാസാക്കിയത്. 1995-ലെ വഖഫ് നിയമത്തിലാണ് ഭേദഗതി വരുത്തി പുതിയ നിയമമാക്കിയത്.