ഏതൊരു പാർട്ടിയോ മുന്നണിയോ ആകട്ടെ, ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ പിടിച്ചുനിൽക്കണമെങ്കിൽ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകൾ സജീവമാക്കുക തന്നെ വേണം. കാരണം നല്ലൊരു ശതമാനം വോട്ടർമാരും സജീവമായിട്ടുള്ളത് സാമൂഹ്യ മാധ്യമങ്ങളിൽ തന്നെയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ പരമാവധി ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയാത്ത നേതാക്കൾ തെരഞ്ഞെടുപ്പുകളിലും പിന്നിലേക്ക് പോകും.
സോഷ്യൽ മീഡിയ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി അധികാരത്തിലേക്ക് കടന്നുവന്ന ആളായിരുന്നു നരേന്ദ്രമോദി. ഡൽഹിയിൽ അരവിന്ദ് കെജ്രിവാളും സാമൂഹ്യ മാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തി തന്നെയാണ് ആദ്യമായി അധികാരത്തിൽ എത്തുന്നത്. കേരളത്തിൽ രണ്ടാം പിണറായി സർക്കാർ യാഥാർത്ഥ്യമായതിനു പിന്നിലും സാമൂഹ്യമാധ്യമങ്ങളുടെ പങ്കാളിത്തം ചെറുതൊന്നുമല്ല. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും വിധിയെഴുത്തിലേക്ക് എത്തുമ്പോൾ സാമൂഹ്യമാധ്യമങ്ങൾക്ക് വലിയ റോൾ ഉണ്ടാകും.
അതുകൊണ്ടുതന്നെ സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് മുഖ്യധാര മുന്നണികളും പാർട്ടികളും. ഏറെക്കുറെ മുഴുവൻ പാർട്ടികൾക്കും സംസ്ഥാനതലത്തിലും ജില്ലാ തലങ്ങളിലും സദാസമയവും സജ്ജമായ വാർറൂമുകൾ ഇപ്പോഴേയുണ്ട്. നന്നായി പണം മുടക്കി സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ബിജെപി തന്നെയാണെന്നതിൽ സംശയമില്ല. എന്നാൽ ആൾബലവും ആസൂത്രണങ്ങളും കൂടുതൽ സിപിഎമ്മിന്റെ പക്കൽ തന്നെയാണ്. കോൺഗ്രസ് ദേശീയതലത്തിൽ എന്നപോലെ സംസ്ഥാനതലത്തിലും ഒരുപടി പിന്നിൽ തന്നെയാണ്. ഓരോ നേതാക്കൾക്കും അവരുടേതായ സൈബർ കമ്മിറ്റി ഒക്കെ ഉണ്ടെങ്കിലും സംഘടനയ്ക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ ഘോരം ഘോരം വാദിക്കുന്നവർ അവരവരുടെ ഇന്റർനെറ്റ് ഉപയോഗിച്ച് വാദിക്കുന്നവരാണ്.
അതായത് കൃത്യമായ ഒരു സൈബർ സംവിധാനമൊന്നും സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിക്ക് ഇല്ല എന്ന് അർത്ഥം. കാര്യങ്ങൾ ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന് തിരിച്ചറിഞ്ഞ കോൺഗ്രസ് പാർട്ടി ഡിജിറ്റൽ മാധ്യമ രംഗത്ത് പുതിയൊരു മുന്നേറ്റത്തിന് ശ്രമിക്കുകയാണെന്ന് ചില നേതാക്കളിൽ നിന്നും അറിയുന്നു. കെപിസിസിയുടെ സൈബർ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന പി സരിൻ പാർട്ടി വിട്ടു പോയതോടെ ഡിജിറ്റൽ മീഡിയ സെൽ അനാഥമായിരുന്നു. സരിനു മുമ്പ് ഡിജിറ്റൽ മീഡിയ സെല്ലിനെ നയിച്ച അനില് ആന്റണിയും കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയിരുന്നു. കുറേക്കാലമായി ഡിജിറ്റൽ മീഡിയ സെൽ അധ്യക്ഷൻ വാഴാത്ത പാർട്ടിയാണ്. ആ കോൺഗ്രസിന്റെ സാമൂഹ്യ മാധ്യമ വിഭാഗത്തിന്റെ തലപ്പത്തേക്കാണ് ബിജെപി വിട്ട് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരെ അവരോധിക്കുവാൻ പാർട്ടി തയ്യാറെടുക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളെ കൃത്യമായും ക്രിയാത്മകമായും ഉപയോഗിക്കുന്ന നേതാവാണ് സന്ദീപ് വാര്യർ. ബിജെപിയിൽ ആയിരിക്കുമ്പോഴും സാമൂഹ്യ മാധ്യമങ്ങളിലെ വിപ്ലവ പോരാളിയായിരുന്നു സന്ദീപ്. അതെ ആർജ്ജവം അദ്ദേഹം കോൺഗ്രസിൽ എത്തിയപ്പോഴും കൈമോശം വന്നിട്ടില്ല. അത് തിരിച്ചറിഞ്ഞ നേതൃത്വം അദ്ദേഹത്തിന് പുതിയ ചുമതല നൽകുവാൻ ഒരുങ്ങുകയാണ്. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമൂഹ മാധ്യമ വിഭാഗം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് സന്ദീപിന് ചുമതല നൽകുവാൻ ഒരുങ്ങുന്നത്. സാമൂഹ്യ മാധ്യമ ഇടപെടൽ ദുർബലമെന്ന വിമർശനത്തിന് പിന്നാലെയാണ് കോൺഗ്രസിന്റെ ഈ നീക്കം. പൂർണ്ണമായും ഡിജിറ്റൽ മീഡിയ വിഭാഗം പുനഃസംഘടിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ആറ് മാസമായി ഡിജിറ്റൽ മീഡിയ വിഭാഗം ഏകോപിപ്പിക്കാൻ ആളില്ലെന്നും മുതിർന്ന നേതാക്കൾക്ക് ചുമതല നൽകണമെന്നുമാണ് ആവശ്യം.
പാർട്ടി ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെന്നും പലകോണിൽ നിന്നും വിമർശനം ഉയർന്നിരുന്നു. സർക്കാരിനെ പ്രതികൂട്ടിൽ നിർത്തുന്ന വിഷയങ്ങൾ ഏറ്റെടുക്കണമെന്നും നിർദേശം ഉണ്ട്. സർക്കാരിനെതിരെയുള്ള ജനകീയ വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സമൂഹ്യ മാധ്യമം വഴി കഴിഞ്ഞിട്ടില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. അതിനാല് കൃത്യമായ രീതിയിൽ പരിചയസമ്പന്നരായ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകണമെന്ന അഭിപ്രായം ആണ് ഉയരുന്നത്. ഒക്ടോബർ മാസമാണ് ഡോ. പി സരിൻ ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനത്ത് നിന്ന് രാജി വെച്ചത്. പിന്നീട് അഞ്ച് മാസം പിന്നിട്ടിട്ടും ഇതുവരെ ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നും അത് ഡിജിറ്റൽ വിഭാഗത്തെ കൃത്യമായി ബാധിക്കുന്നുണ്ട് എന്നുമാണ് വിലയിരുത്തൽ.
നിലവിൽ വിടി ബൽറാം ആണ് ഡിജിറ്റൽ മീഡിയ വിഭാഗത്തിന്റെ ചെയർമാൻ. ദിവസങ്ങൾക്കുമുമ്പും കെപിസിസി ആസ്ഥാനത്ത് ഡിജിറ്റൽ മീഡിയ യോഗം വിളിച്ചിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും പ്രസ്തുത യോഗത്തിൽ പങ്കെടുത്തിരുന്നു. നിലവിൽ കെപിസിസി ഓഫീസ് കേന്ദ്രീകരിച്ച് വിശാലമായ സ്റ്റുഡിയോ സൗകര്യം ഉണ്ടെങ്കിലും മികച്ച രീതിയിലുള്ള പ്രചാരണ സാമഗ്രികൾ പുറത്തേക്ക് എത്തുന്നില്ല. കൃത്യമായ ഏകോപന ഇല്ലായ്മയാണ് ഡിജിറ്റൽ മാധ്യമ രംഗത്തെ കോൺഗ്രസിന്റെ പിന്നോട്ട് പോക്കിന് കാരണം.
അതേസമയം എറണാകുളം ഡിസിസി കേന്ദ്രീകരിച്ച് സമീപകാലത്ത് വലിയതോതിലുള്ള സാമൂഹ്യ മാധ്യമ മുന്നേറ്റം നടക്കുന്നുണ്ട്. മലപ്പുറം ഡിസിസിയുടെ ഭാഗമായുള്ള സാമൂഹ്യ മാധ്യമ ഇടപെടലുകളും സജീവം തന്നെയാണ്. എന്നാൽ മറ്റു ജില്ലകളിൽ സംവിധാനങ്ങൾ പൂർണമായും നിർജീവമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സന്ദീപിനെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സാമൂഹ്യ മാധ്യമ മുന്നേറ്റത്തിന് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്.