ഡര്ബന്: ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും കളിക്കാൻ സഞ്ജു സാംസൺ യോഗ്യനെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്സ്. എല്ലാ ഫോര്‍മാറ്റുകളിലും സെലക്റ്റര്‍മാര്‍ സഞ്ജുവിനെ പരിഗണിക്കും. സഞ്ജു സ്പെഷ്യല്‍ ക്രിക്കറ്റര്‍ ആണെന്നും എല്ലാ ഫോര്‍മാറ്റുകളും കളിക്കുന്നത് എനിക്ക് കാണണമെന്നും, എല്ലാം കളിക്കാന്‍ കഴിയുന്ന താരമായിട്ടാണ് താൻ സഞ്ജുവിനെ കാണുന്നത് എന്നും തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവച്ചു.
ഞാന്‍ സഞ്ജുവിന്റെ വലിയ ആരാധകനാണ്. അവന് കളിക്കുന്ന രീതി എനിക്കിഷ്ടമാണ്. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടുകയെന്നത് അവിശ്വസനീയമാണ് എന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ട്വന്റി ട്വന്റി ഫോര്‍മാറ്റില്‍ ഓപ്പണിംഗ് സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് ഈ അടുത്ത കാലത്തായി സഞ്ജു സാംസണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായ രണ്ട് ട്വന്റി ട്വന്റി മത്സരങ്ങളിലും സഞ്ജു സെഞ്ച്വറി നേടിയിരുന്നു. ഇത്തരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സഞ്ജു. പിന്നാലെ നിരവധി പേരാണ് സഞ്ജുവിനെ പ്രശംസിച്ച് രംഗത്ത് വന്നത്.