മോചനം പ്രതീക്ഷിച്ച് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും. ഇന്ത്യൻ സമയം ഇന്ന് രാവിലെ 10.30ന് കേസ് പരിഗണിക്കും. കോടതി മോചന ഉത്തരവ് നൽകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മുമ്പ് ആറ് തവണ പരിഗണിച്ചെങ്കിലും വിവിധ കാരണങ്ങളാൽ കേസ് മാറ്റിവെക്കുകയായിരുന്നു.
തുടര്‍ച്ചയായി കേസ് മാറ്റിവെക്കുന്നതിനുള്ള കാരണം നിയമസഹായ സമിതിയോ അഭിഭാഷകരോ പറയുന്നില്ല. ഇന്ന് കേസ് പരിഗണിച്ച് മോചന ഉത്തരവ് ഉണ്ടാകുന്നുവെങ്കിൽ, റിയാദ് ഗവണ്റേറ്റിന്റെ അനുമതി ലഭിച്ച ശേഷം അബ്ദുല്‍ റഹീമിന് ഉടനെ ഇന്ത്യയിൽ തിരിച്ചുവരാനാകും. കഴിഞ്ഞ 15ന് ഹർജി പരിഗണിച്ചിരുന്നെങ്കിലും കൂടുതൽ പരിശോധനയും പഠനവും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റുകയായിരുന്നു.
സൗദി ബാലന് അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചന സാധ്യത തെളിഞ്ഞത്. 2006ല്‍ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുന്‍പാണ് കൊലപാതക കേസില്‍ അകപ്പെട്ട് റഹീം ജയിലായത്.