റിയാദ്: സാഹിത്യകൃതികള്‍ക്കുള്ള ഗോള്‍ഡന്‍ പെന്‍ അവാര്‍ഡിനായി അറബി ഭാഷ സംസാരിക്കുന്ന എഴുത്തുകാരില്‍നിന്ന് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അപേക്ഷകള്‍ ക്ഷണിച്ചു. പുരസ്കാരം നേടുന്ന കൃതികള്‍ ജി.ഇ.എ സിനിമകളാക്കുമെന്ന് ചെയര്മാന് തുര്‍ക്കി ബിന്‍ അബ്ദുല്‍ മുഹ്സിന് അല്‍ ശൈഖ് അറിയിച്ചു. പുരസ്കാരത്തിനുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കും. പ്രാഥമികമായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആദ്യ പട്ടിക നവംബര്‍ 30 നും ഷോര്‍ട്ട്ലിസ്റ്റ് ഡിസംബര്‍ 30 നും പ്രഖ്യാപിക്കും.
സൗദി സാംസ്കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്ഹാന് രാജകുമാരനാണ് പുരസ്കാരം സ്പോണ്സര് ചെയ്യുന്നത്. ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന പ്രൗഢമായ ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. സ്പോണ്സര് ചെയ്യുന്ന ആറ് വിഭാഗങ്ങളില്‍ മികച്ച കൃതികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. മൊത്തം 740,000 റിയാല്‍ മൂല്യമുള്ള പുരസ്കാരങ്ങളാണ് നല്‍കുക. തിരക്കഥ വിഭാഗത്തില്‍ ഒരു ലക്ഷം റിയാലാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50,000 റിയാലും മൂന്നാം സമ്മാനം 30,000 റിയാലുമാണ്. ഇതില്‍ ഒന്നും രണ്ടും സമ്മാനം നേടുന്ന കൃതികള്‍ സിനിമയാക്കും.