ലഖ്നൗ: വി.ഡി.സവര്‍ക്കറെ അപമാനിച്ചുവെന്ന കേസില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ സമന്‍സ് നിലനില്‍ക്കുമെന്ന് അലഹബാദ് ഹൈക്കോടതി. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ലഖ്നൗവിലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിലനില്‍ക്കുന്ന കേസിലാണ് അലഹബാദ് ഹൈക്കോടതിയുടെ നടപടി. രാഹുലിന് വേണമെങ്കില്‍ ലഖ്നൗ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ പ്രതിയാക്കി സമന്‍സ് അയച്ച ലഖ്നൗ കോടതി ഉത്തരവിനെതിരെയാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്. 2023 ജൂണില്‍ തന്റെ പരാതി തള്ളിയതിനെതിരെ പരാതിക്കാരനായ അഭിഭാഷകന് നൃപേന്ദ്ര പാണ്ഡെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി അനുവദിച്ച സെഷന്‍സ് കോടതിയുടെ ഉത്തരവിനെയും രാഹുല്‍ ഗാന്ധി ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ വിനായക് ദാമോദര്‍ സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സേവകന് എന്ന് രാഹുല്‍ വിളിച്ചതായി ആരോപിച്ച് അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ തന്നെയാണ് കോടതിയില്‍ പരാതി നല്‍കിയത്.
സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനാണെന്നും അദ്ദേഹം ബ്രിട്ടീഷുകാരില്‍നിന്ന് പെന്ഷന് വാങ്ങിയെന്നും ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് ആരോപണം. രാഹുല്‍ ഗാന്ധി സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവസവിശേഷതകളെ ദുര്‍ബലപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നു തെളിഞ്ഞതായി ലഖ്നൗവിലെ അഡീഷനല്‍ സിവില്‍ ജഡ്ജി അലോക് വര്‍മ്മ ഡിസംബറില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു.