ന്യൂഡല്‍ഹി: ഭാര്യ മുഖാവരണം ധരിക്കാത്തതും സ്വയം പര്യാപ്തയാകുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാനാകില്ലെന്ന്
അലഹബാദ് ഹൈക്കോടതി. കീഴ്ക്കോടതി വിവാഹമോചനം തള്ളിക്കൊണ്ട് നടപ്പാക്കിയ ഉത്തരവിനെതിരെ യുവാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് സൗമിത്ര ദായല്‍ സിങ്, ജസ്റ്റിസ് ദോനാഡി രമേശ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് വിധി.
പങ്കാളി തനിയെ പുറത്ത് പോകുന്നതും സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ സ്വയം പര്യാപത്യയാകുന്നതും തന്നെ മാനസികമായി ആക്രമിക്കുന്നതിന് തുല്യമാണെന്ന് യുവാവ് വാദിച്ചു. മുഖം ഉള്‍പ്പെടെ മറയ്ക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കാത്തതും വിവാഹ മോചന അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 23 വര്‍ഷമായി ഇരുവരും അകന്ന് താമസിക്കുന്നതിനാല്‍ കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചിട്ടുണ്ട്.