തിരുവനന്തപുരം: സാമ്പത്തികപ്രശ്നത്തില്‍ വലഞ്ഞ് സ്വാശ്രയകോളേജ് ഉടമ ആത്മഹത്യ ചെയ്തെന്ന വാര്‍ത്തയ്ക്കു പിന്നാലെ, സര്‍ക്കാരിന്റെ അനാസ്ഥയും ചര്‍ച്ചകളില്‍ നിറയുന്നു. കരംകുളം പി.എ. അസീസ് എൻജിനിയറിങ് കോളേജ് ഉടമ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയതാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം.
കോളേജുകള്‍ക്കുള്ള അംഗീകാരവും പരീക്ഷാനടത്തിപ്പും സര്‍ട്ടിഫിക്കറ്റ് നല്‍കലും മാത്രമേ സര്‍ക്കാര്‍ പരിഗണിക്കുന്നുള്ളു. എന്നാൽ കോളേജുകളുടെ നടത്തിപ്പില്‍ മേല്‍നോട്ടമോ നിയന്ത്രണമോ കൊണ്ടുവരുന്നില്ലെന്നുമുള്ള വിമര്‍ശനമാണ് ഇപ്പോൾ ഉയരുന്നത്.സംസ്ഥാനത്ത് ആകെ മൊത്തം 175 എന്‍ജിനിയറിങ് കോളേജുകളാണുള്ളത്. ഇതില്‍ 145 കോളേജും സ്വാശ്രയമേഖലയിലുള്ളവയാണ്. അതില്‍ 30 എണ്ണം കടുത്തപ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ കൈയും കണക്കുമില്ലാതെയാണ് സ്വാശ്രയകോളേജുകള്‍ അനുവദിച്ചത്. ഒരു ട്രസ്റ്റ് രൂപവത്കരിച്ച് അപേക്ഷിച്ചാല്‍ അനുമതി ലഭിക്കുമെന്നാണ് നിലവിലെ സ്ഥിതി.എന്‍ജിനിയറിങ് പഠനത്തിന് വിദ്യാർത്ഥികൾ കുറഞ്ഞതോടെയാണ് സ്വാശ്രയകോളേജുകള്‍ കടുത്ത പ്രതിസന്ധിയിലായത്. കോഴ്സുകള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിലെ പ്രശ്നങ്ങളും ഇവയെ ബാധിച്ചു. ഇതിലൊന്നും വേണ്ടരീതിയിൽ ഇടപെടാതെ ഇരിക്കുകയാണ് സര്‍ക്കാര്‍.
കോളേജ് നടത്തിപ്പിന് എ.ഐ.സി.ടി.ഇ. വ്യവസ്ഥ കര്‍ശനമായി പാലിക്കണമെങ്കിലും ഇതുറപ്പാക്കാന്‍ സര്ക്കാര്സംവിധാനങ്ങൾ ഒന്നും തന്നെയില്ല.ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ അധ്യാപകരുടെ പ്രതിഷേധമുയര്‍ന്നതും കരകുളം സ്വാശ്രയ കോളേജിനെ പ്രതിസന്ധിയിലാക്കിയിരുന്നു.മറ്റുകോളേജുകളിലും സമാനമായ പ്രശ്നങ്ങൾ നിലനിൽക്കുന്നു. മാസം 16,000 രൂപ മാത്രം ശമ്പളംവാങ്ങി ജോലിചെയ്യേണ്ടിവരുന്ന അധ്യാപകരാണേറെ. പി.എഫ്. പോലുള്ള ആനുകൂല്യങ്ങളും ഇവർക്ക് ലഭ്യമാകുന്നില്ല.
മൂന്നുവര്ഷംമുന്പ് സ്വാശ്രയനിയമം പാസാക്കിയിട്ടും അത് നടപ്പാക്കുന്നതിലെ അനാസ്ഥയാണ് സ്വാശ്രയമേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് സെല്‍ഫ് ഫിനാന്‍സിങ് കോളേജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന് നേതാവ് കെ.പി. അബ്ദുള്‍ അസീസ് വ്യക്തമാക്കി.