ന്യൂ ഡൽഹി: സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ പരാതിയിൽ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായ സുരേഷ് ഗോപി മൗനം പാലിക്കുന്നു. വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന സംഘടനയാണ് സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്.
പരാതിയിൽ അന്വേഷണം നടത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റേണല്‍ കമ്മിറ്റി ചെയര്മാന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ചെയര്മാന് തുടര്‍ നടപടികൾ സ്വീകരിച്ചില്ല എന്നാണ് പരാതിക്കാരിയായ അസിസ്റ്റന്റ് പ്രൊഫസറുടെ ആരോപണം. സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള ഗവേണിംഗ് കൗണ്‍സിലിന് മുന്‍പാകെയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
രണ്ടാംഘട്ട അന്വേഷണം ആരംഭിക്കുന്നതിനായി എസ്ആര്‍എഫ്ടിഐ അച്ചടക്ക സമിതി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സുരേഷ് ഗോപിയുടെ ഒപ്പ് ആവശ്യമാണ്. എന്നാല്‍ ഒപ്പിടാൻ മന്ത്രി ഇതുവരെ തയ്യാറായില്ല എന്നാണ് ആരോപണം.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉന്നത ഉദ്യോഗസ്ഥൻ ജാതി അധിക്ഷേപം നടത്തിയെന്നും അസഭ്യപരാമര്‍ശങ്ങള്‍ നടത്തിയെന്നും അയാളിൽ നിന്ന് ശാരീരിക ആക്രമണങ്ങളും ലൈംഗികാതിക്രമവും നേരിട്ടു എന്നും യുവതി ആഭ്യന്തര സമിതിക്ക് പരാതി നൽകിയിരുന്നു.