ലൈംഗികാതിക്രമ കേസില്‍ നടന് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. യുവനടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖിന് സുപ്രീംകോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.
ഇടക്കാല ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അതിജീവിതയും സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി തളളിക്കൊണ്ടാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയില്‍ എത്തിയിരുന്നു.