കോയമ്പത്തൂർ: തമിഴ്നാട്ടിലെ കൃഷ്ണഗിരിജില്ലയിൽ പെൺകുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. അധ്യാപകർ വിദ്യാർത്ഥിനികളെ ബലാത്സംഗംചെയ്ത സംഭവങ്ങൾ തുടർച്ചയായി തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. കൂടാതെ ശൈശവവിവാഹവും കൂടുകയാണ്. കഴിഞ്ഞ 26 മാസത്തിനിടെ 221 പോക്സോ കേസുകളാണ് ജില്ലയിൽ രജിസ്റ്റർചെയ്തത്.
കഴിഞ്ഞവർഷംമാത്രം 130 കേസുണ്ടായി. രജിസ്റ്റർ ചെയ്യാതെ ഒതുക്കി തീർക്കുന്ന കേസുകളും നിരവധിയാണ്. കഴിഞ്ഞ ആറുവർഷത്തിനിടെ ജില്ലയിൽ 18 വയസ്സ് എത്തുന്നതിനുമുൻപ് വിവാഹിതരായത് 2,519 പെൺകുട്ടികളാണ്. 2024-ൽ ജില്ലയിൽ 22 ശൈശവവിവാഹങ്ങൾ നടന്നു.
സാധാരണയിൽ സാധാരണക്കാരായ ആളുകൾ താമസിക്കുന്ന മലയോര മേഖലയിലാണ് ഇത്തരത്തിൽ ലൈംഗികാതിക്രമങ്ങളും ശൈശവവിവാഹങ്ങളും വർധിക്കുന്നതെന്ന് സന്നദ്ധസംഘടനകൾ പറയുന്നു. പൊലീസ് കൃത്യമായി നടപടികൾ എടുക്കാത്തതുമൂലമാണ് കേസുകൾ വർധിക്കുന്നത്. സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം