തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസയച്ചു. വധശിക്ഷയ്ക്കെതിരെയാണ് ഗ്രീഷ്മ അപ്പീൽ സമർപ്പിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിൽ തടവിലാണ് ഗ്രീഷ്മ.അപൂർവങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് ചൂണ്ടികാട്ടി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എ എം ബഷീര്‍ ആണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്ന കോടതി നിരീക്ഷിച്ചിരുന്നു.
586 പേജുള്ള കോടതി വിധിയാണ് വായിച്ചത്. ഇതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയായും വധശിക്ഷ കാത്തുനില്ക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ത്രീയായും ഗ്രീഷ്മ മാറുകയും ചെയ്തു. 2022 ഒക്ടോബർ 14ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട ഷാരോൺ രാജിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയത്. കഷായം കുടിച്ചതിനെ തുടർന്ന് 11 ദിവസം ചികിത്സയിലായിരുന്ന ഷാരോൺ മരണത്തിന് കീഴടങ്ങി.