കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്കായുള്ള ഷെല്‍ട്ടര്‍ സെന്റര്‍ തുറന്നു. പുരുഷ പ്രവാസികള്ക്കുളള ഷെല്‍ട്ടറാണ് ഹവല്ലിയില്‍ ഔദ്യോഗികമായി തുറന്നത്. 10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഷെല്‍ട്ടര്‍, കുവൈത്തിനെ സവിശേഷമാക്കുന്ന കാരുണ്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു മാനുഷിക കേന്ദ്രമാണ്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫിന്റെ രക്ഷാകര്‍തൃത്വത്തിലും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ ആക്ടിങ് ഡയറക്ടര്‍ മര്‍സൂഖ് അല്‍ ഒതൈബിയുടെയും കുവൈത്തിലെ നയതന്ത്ര ദൗത്യങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലുമാണ് ഷെല്‍ട്ടര്‍ ആരംഭിച്ചത്.
സാമൂഹിക ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തുന്നതിലും ആവശ്യമുള്ള എല്ലാവരെയും സഹായിക്കാന്‍ ഒരു കൈ നീട്ടുന്നതിലും തൊഴിലാളികളെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും സുസ്ഥിരമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിലും ഈ സ്ഥാപനങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.