കോട്ടയം: ഏറ്റുമാനൂരില്‍ മക്കളോടൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ ഫോണ്‍ കണ്ടെത്തി. ഷൈനിയുടെ വീട്ടിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. ഫോണ്‍ സൈബർ വിദഗ്ധർ പരിശോധനയ്ക്ക് വിധേയമാക്കും.അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തിന് പിന്നില്‍ ഭർത്താവ് നോബിയുടെ പ്രകോപനമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണില്‍ വിളിച്ചിരുന്നു. മദ്യലഹരിയിലാണ് നോബി ഷൈനിയെ വിളിച്ചത്. വിവാഹമോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും നോബി പറഞ്ഞതായാണ് പൊലീസ് അറിയിക്കുന്നത്.
ഭർത്താവുമായി വേർപിരിഞ്ഞ ഷൈനി കഴിഞ്ഞ ഒന്‍പത് മാസമായി സ്വന്തം വീട്ടിലാണ് താമസം. വിവാഹമോചനത്തിനായി പല തവണ നോട്ടീസ് അയച്ചിട്ടും നോബി അത് കൈപ്പറ്റിയില്ല. ഫെബ്രുവരി 17 ന് കോടതിയില്‍ വിളിച്ചിട്ടും നോബി എത്തിയില്ല. കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഷൈനി സുഹൃത്തിനയച്ച ഒരു സന്ദേശത്തില്‍ പറയുന്നുണ്ട്. ഇതില്‍ ഇവർ കടുത്ത സമ്മർദത്തിലാണെന്ന് ഈ സന്ദേശങ്ങളില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു.