ബെംഗളൂരു : കര്‍ണാടയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഡ്രജര്‍ എത്തുന്നു. ഗംഗാവലി പുഴയില്‍ അര്‍ജുനും ലോറിക്കുമായി ഡ്രജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ അടുത്താഴ്ച പുനരാരംഭിക്കും. തിരച്ചില്‍ തുടരാന്‍ ഉത്തര കന്നഡ ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. നാവികസേന കഴിഞ്ഞ ദിവസം ഗംഗാവാലി പുഴയിലെ അടിയൊഴുക്ക് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഓഗസ്റ്റ് 16ന് തിരച്ചില്‍ നിര്‍ത്തി വയ്ക്കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ അടിയൊഴുക്ക് ഇപ്പോള്‍ പുഴയില്‍ ഉള്ളതായാണ് വിവരം. അടിയൊഴുക്ക് ശക്തമായതിനാല്‍ ഡ്രജര്‍ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നതായിരുന്നു തിരച്ചിലിനു തടസ്സം നില്ക്കുന്ന ഘടകം.
അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രജറിന്റെ സഹായത്തോടെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നു. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലിനാണ് ഏകോപന ചുമതല നല്‍കിയിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ തുടർന്നാണ് ഗംഗാവാലി പുഴയിലെ തിരച്ചിൽ നിർത്തിവച്ചത്.