ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ട് ഞെട്ടിയത് കാരണം ഒരു ബക്കറ്റ് പാൽ നിലത്തു വീണ് നഷ്ടപ്പെട്ടുവെന്ന പരാതിയുമായി ബീഹാർ സ്വദേശി രംഗത്ത്. 50 രൂപ വിലയുള്ള പാൽ നിറച്ച ബക്കറ്റ് ആണ് താഴെ വീണതെന്നും 250 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു. ഡൽഹിയിലെ കോട്ല റോഡിലുള്ള കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ വച്ചു രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം.
സമസ്തിപൂർ ജില്ലയിലെ സോനുപൂർ ഗ്രാമത്തിലുള്ള മുകേഷ് ചൗധരിയാണ് പരാതി നൽകിയത്. രാജ്യദ്രോഹക്കുറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ 152 വകുപ്പ് ചുമത്തി രാഹുലിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൗധരി റോസെറ സബ് ഡിവിഷനിലെ സിവിൽ കോടതിയിൽ ഹർജി സമർപ്പിച്ചു. തൻ്റെ നിവേദനത്തിൻ്റെ പകർപ്പും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. തുടർനടപടികൾക്കായി ഹർജി കോടതി സ്വീകരിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.