ന്യൂഡല്‍ഹി: യുപി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ വീടുകള്‍ പൊളിച്ച സംഭവത്തിലായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. നോട്ടീസ് നല്കി 24 മണിക്കൂറിനകം വീടുകള്‍ പൊളിച്ചത് ഞെട്ടിക്കുന്നുവെന്ന് സുപ്രീംകോടതി പ്രതികരിച്ചു.
ഉടമകള്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സമയം പോലും നല്‍കാതെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വീടുകള്‍ പൊളിച്ചു കളയുന്നതെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെ പൊളിച്ച അഭിഭാഷകന്റെയും പ്രൊഫസറുടെയും മറ്റ് മൂന്ന് പേരുടെയും വീട് പണിയാനുള്ള അനുമതി നല്‍കവേയാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ജസ്റ്റിസ് അഭയ് എസ് ഒക, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ഒരു ശനിയാഴ്ച രാത്രി നോട്ടീസ് നല്‍കുകയും പിറ്റേന്ന് വീടുകള്‍ പൊളിക്കുകയുമായിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. വീടുകള്‍ പുനര്‍ നിര്‍മ്മിക്കാനും സുപ്രീം കോടതി അനുമതി നല്കി.