ഹൈക്കോടതി വിധി എന്തായാലും കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവയ്ക്കേണ്ടതില്ലെന്ന് മുതിര്‍ന്ന നേതാവും സംസ്ഥാന ഊര്‍ജ്ജ മന്ത്രിയുമായ കെ ജെ ജോര്‍ജ്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഗവര്‍ണര്‍ അന്വേഷണത്തിന് അനുമതി നല്‍കിയതെന്നും സിദ്ധരാമയ്യക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ ജെ ജോര്‍ജ് ദില്ലിയില്‍ പറഞ്ഞു.
‘രാജിവയ്ക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല. ഗവര്‍ണര്‍ അനുമതി നല്‍കിയത് പ്രാഥമിക പരിശോധനയ്ക്ക് മാത്രമാണ്. ഗവര്‍ണര്‍ ഇക്കാര്യത്തില്‍ ശരിയായ രീതിയിലല്ല തീരുമാനം എടുത്തത് എന്നാണ് ഞങ്ങള്‍ കരുതുന്നത്. ബിജെപിക്ക് പല കള്ളങ്ങളും പറയുന്ന ശീലമുണ്ട്. ഭൂമി ഇടപാട് നടന്നത് ഞങ്ങള്‍ ഭരണത്തിലുള്ളപ്പോഴല്ല. ഫയല്‍ സിദ്ധരാമയ്യ കണ്ടിട്ടില്ല. പിന്നെ എവിടെയാണ് കേസ്’- കെ ജെ ജോര്‍ജ് ചോദിക്കുന്നു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ അഴിമതി കേസ് അന്വേഷിക്കാന്‍ സിബിഐക്ക് ഗവര്‍ണര്‍ അനുമതി നല്കിയ വിഷയത്തിലാണ് മുന്‍ ആഭ്യന്തര മന്ത്രിയും നിലവില്‍ ഊര്‍ജ മന്ത്രിയുമായ കെ ജെ ജോര്‍ജിന്റെ പ്രതികരണം. സിദ്ധരാമയ്യ മൈസൂര്‍ നഗര വികസന അതോറിറ്റിയുടെ വിലയേറിയ സ്ഥലം ഭാര്യയുടെ പേരില്‍ അനുവദിക്കാന്‍ ഇടപെട്ടു എന്നാണ് കേസ്. വിഷയം ദേശീയ തലത്തില്‍ ബിജെപി ആയുധമാക്കുമ്പോള്‍ ഇതില്‍ കഴമ്പില്ലെന്നാണ് കോണ്‍ഗ്രസ് വാദം.
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയ്ക്കു കാരണം കെ ജെ ജോര്‍ജിന്റെ സമ്മര്‍ദ്ദമാണെന്ന കേസില്‍ നേരത്തെ സിബിഐ ക്ളീന്‍ ചിറ്റ് നല്‍കിയിരുന്നു. സുപ്രീംകോടതിയും അടുത്തിടെ സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചു. ബിജെപി ഉയര്‍ത്തുന്ന വിഷയങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നതിന് ഇത് തെളിവാണെന്ന് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗം കൂടിയായ കെ ജെ ജോര്‍ജ് വ്യക്തമാക്കി.