ന്യൂഡൽഹി: ബലാത്സംഗക്കേസിൽ ഒഴിവിൽ കഴിയുന്ന നടൻ സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക രഞ്ജിത റോത്തഗി സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്കി.
മലയാള സിനിമ സംഘടനകളായ ‘അമ്മ’യും ഡബ്ല്യു.സി.സിയും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദീഖ് സുപ്രീംകോടതി മുമ്പാകെ ബോധിപ്പിച്ചു. ശരിയായി അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്.
സിദ്ദീഖ് 65 വയസ്സായ മുതിർന്ന പൗരനാണെന്നതും പല അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയ നടനാണെന്നതും പരിഗണിക്കണമെന്ന് കത്തിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കുമെന്നോ തെളിവുകള്‍ നശിപ്പിക്കുമെന്നോ ഉള്ള ആശങ്ക വേണ്ട. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യത്തിന് കോടതി മുന്നോട്ടുവെക്കുന്ന ഏതു വ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും ബുധനാഴ്ച നൽകിയ കത്തിലുണ്ട്.