താമരശ്ശേരി: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്കൂളിലേക്ക് ഊമക്കത്ത്. പിടിയിലായ അഞ്ച് വിദ്യാര്‍ഥികളെ പോലീസ് സംരക്ഷണത്തിൽ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സാധാരണ തപാലിൽ താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപന് കത്ത് ലഭിച്ചത്.
ഷഹബാസിനെതിരെ നടന്ന അക്രമത്തിൽ അമര്‍ഷം അറിയിക്കുകയും കുറ്റാരോപിതർക്കെതിരെ കൊലവിളി നടത്തുകയും ചെയ്യുന്ന കത്താണ് വിലാസം രേഖപ്പെടുത്താതെ അയച്ചിരിക്കുന്നത്. കോരങ്ങാട്ടെ വിദ്യാലയത്തില്‍ പോലീസ് സുരക്ഷയോടെ ഏതാനും പരീക്ഷയേ എഴുതാന്‍ കഴിയൂ എന്നും എസ്.എസ്.എല്‍.സി. പരീക്ഷകള്‍ പൂർത്തിയാക്കുന്നതിനു മുന്നേ കുട്ടികളെ അപായപ്പെടുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. സംഭവത്തിൽ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.