കൊച്ചി: സ്പാനിഷ് താരം സെര്‍ജിയോ കാസ്റ്റല്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിലേക്ക്. സ്പാനിഷ് ലീഗില്‍ അത്ലറ്റികോ മഡ്രിഡിന്റെയും ഒസാസുനയുടെയും ബി ടീമില്‍ കളിച്ച കാസ്റ്റല്‍ മലാഗയില്‍ ിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. ഐഎസ്എലില്‍ നേരത്തേ ജംഷേദ്പുര്‍ എഫ്സിക്കായി കളിച്ച കാസ്റ്റല്‍ ഓസ്ട്രേലിയ, സൈപ്രസ് ക്ലബ്ബുകള്‍ക്കായും പന്ത് തട്ടിയിട്ടുണ്ട്.
മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ കാസ്റ്റല്‍ വൈകാതെ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടുമെന്നാണ് വിവരം. അടുത്തിടെ ബ്ലാസ്റ്റേഴ്സ് ടീമില്‍നിന്ന് മൂന്ന് വിദേശ താരങ്ങള്‍ ഒഴിവാക്കപ്പെടുമെന്നാണ് സൂചന. അതിനുശേഷമാകും കാസ്റ്റലിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. കൂടാതെ മികച്ച ഇന്ത്യന്‍ താരങ്ങളെയും ടീമിലെത്തിക്കാനുള്ള ശ്രമങ്ങളും മാനേജ്മെന്റ് ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.
ഇന്ത്യന്‍ ഫുട്ബോളിനെക്കുറിച്ച് നന്നായറിയാവുന്ന താരമാണ് കാസ്റ്റല്‍ എന്നത് ബ്ലാസ്റ്റേഴ്സിന് പകരുന്ന ഊര്‍ജം ഏറെയാണ്. ഇപ്പോള്‍ സ്പാനിഷ് രണ്ടാം ഡിവിഷനില്‍ മലാഗയ്ക്ക് കളിക്കുന്ന കാസ്റ്റല്‍ വീണ്ടും ഇന്ത്യയിലേക്ക് വരുമ്പോള്‍ ആരാധകരും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ഒരുപോലെ പ്രതീക്ഷയിലാണ്.