കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. അട്ടക്കുളങ്ങര ജയിലിൽ ഷെറിന് വിഐപി പരിഗണന ആയിരുന്നു എന്നാണ് ആരോപണം. ഷെറിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നത് അന്നത്തെ ഡിഐജി പ്രദീപ് ആണെന്നും സുനിത പറഞ്ഞു.
ഷെറിൻ തന്റെ തൊട്ടടുത്ത സെല്ലിൽ ആയിരുന്നു എന്നും മറ്റുതടവുകാരെപോലെ അല്ലാതെ പ്രത്യേക പരിഗണന അവർക്ക് നൽകിയിരുന്നു എന്നും സുനിത വ്യക്തമാക്കി. സാധാരണ ജയിലിൽ ഉണ്ടായിരുന്ന ഭക്ഷണമല്ല അവർക്ക് ഉണ്ടായിരുന്നത്. മൂന്നുനേരം പുറത്തുനിന്ന് ജീവനക്കാർ ഭക്ഷണം വാങ്ങി നൽകിയിരുന്നു. വെള്ള വസ്ത്രം ആണെങ്കിലും അത് പ്രത്യേകം പുറത്തുനിന്നും തയ്ച്ചു കൊണ്ടുവരുന്നതായിരുന്നു. തലയിണയും പുതപ്പും അങ്ങനെയെല്ലാം പ്രത്യേകം നൽകിയിരുന്നു. കണ്ണാടിയും മറ്റു സൗന്ദര്യവർദ്ധക വസ്തുക്കളും എല്ലാം അവരുടെ മുറിയിൽ ഉണ്ടായിരുന്നു.
മാത്രമല്ല അന്നത്തെ ജയിൽ ഡിഐജി ആയിരുന്ന പ്രദീപുമായി ഷെറിന് വഴിവിട്ട ബന്ധം ആയിരുന്നുവെന്നും ആഴ്ചയിൽ ഒരു ദിവസം ഷെറിനെ കാണാൻ ഡിഐജി വരുമായിരുന്നു എന്നും 7 മണിക്ക് ശേഷം ഷെറിനെ ലോക്കപ്പിൽ നിന്ന് ഇറക്കിയാൽ രണ്ടുമണിക്കൂറിന് ശേഷമാണ് തിരിച്ചു കയറ്റുന്നതെന്നും ഇവർ പറഞ്ഞു. സെൻകുമാർ ഡിജിപി ആയിരുന്ന സമയത്ത് ഇതിനെതിരെ പരാതി നൽകിയെങ്കിലും തനിക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞ് ഡിജിപി ഭീഷണിപ്പെടുത്തി എന്നും സുനിത വ്യക്തമാക്കി. പിന്നീട് ഇതുമായി ബന്ധപ്പെട്ട പല വിവരാവകാശങ്ങളും നൽകിയെന്നും എന്നാൽ പോലീസ് ഇതിൽ പ്രതികരിച്ചില്ലെന്നും സുനിത വെളിപ്പെടുത്തി.