കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്) രാജ്യത്തുടനീളം 100ലധികം സ്ഥങ്ങളിലേക്ക് സേവനം വിപുലീകരിച്ച് രാജ്യത്തെ ഏറ്റവും വലിയ ഹോം ഹെല്‍ത്ത് കെയര്‍ (എച്ച്എച്ച്സി) സേവന ദാതാവായി മാറുന്നു. 2023 ജൂലൈയില്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ 85 ശതമാനം ഉപഭോക്താക്കള്‍ക്കാണ് സേവനം ലഭിക്കുന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ വീട്ടിലെത്തിയുള്ള ക്യാഷ്ലെസ് മെഡിക്കല്‍ കെയര്‍ ഉള്‍പ്പടെയാണിത്. കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഈ സേവനം ലഭിക്കും.
സാമ്പത്തിക സംരക്ഷണം നല്കുന്നതിലപ്പുറമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് കൊണ്ട് സ്റ്റാര്‍ ഹെല്‍ത്ത് വിശ്വസിക്കുന്നതെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ എംഡിയും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു. എല്ലാവര്ക്കും ആരോഗ്യ സംരക്ഷണം വേഗത്തില്‍ ലഭ്യമാക്കുന്ന ഒരു മാര്‍ഗ്ഗമായാണ് ഇതിനെ കാണുന്നത്. ഉയര്‍ന്ന ആശുപത്രി ചെലവ്, യാത്രാ വെല്ലുവിളികള്‍, ചികില്‍സയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം എന്നിവക്കൊണ്ടുള്ള പ്രതിബന്ധങ്ങള്‍ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യം. മികച്ച ചികിത്സ ഉറപ്പാക്കുന്നതോടെ അവരുടെയും കുടുംബത്തിന്റെയും സൗകര്യവും സമാധാനവും ഉറപ്പാക്കാനാകും. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ആരോഗ്യ ഇന്‍ഷുറന്‍സ് കുറഞ്ഞ നിരക്കിലാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുവരെ 15,000ത്തിലധികം പേര് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ഹോം ഹെല്‍ത്ത് കെയര്‍ സേവനം ഉപയോഗപ്പെടുത്തി. മുംബൈ, ഡല്‍ഹി, പൂണെ തുടങ്ങിയ നഗരങ്ങളിലെ ഉപഭോക്താക്കളാണ് ഈ സേവനം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത്. വൈറല്‍ പനി, ഡെങ്കിപ്പനി, ടൈഫോയ്ഡ്, അക്യൂട്ട് ഗാസ്ട്രോഎന്ററൈറ്റിസ്, ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചവര്‍ എന്നിവരാണ് പ്രധാനമായും ചികില്‍സ തേടിയത്.
എച്ച്എച്ച്സി പദ്ധതി വഴി സംക്രമിക രോഗങ്ങള്‍ ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് തക്കസമയത്ത് മെഡിക്കല്‍ പരിചരണം ലഭ്യമാക്കാന്‍ സാധിക്കുന്നു. പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍ വീട്ടിലെത്തി രോഗിയുടെ ആരോഗ്യനില വിലയിരുത്തുകയും രോഗനിര്‍ണയം നടത്തുകയും ആശുപത്രിവാസം ആവശ്യമില്ലാത്തവര്‍ക്ക് പിന്നീടെത്തി തുടര്‍ ചികിത്സ നല്‍കുകയും ചെയ്യും. ഗുരുതരമായ സാഹചര്യങ്ങളില്‍ ആശുപത്രിവാസം നിര്‍ദേശിക്കും. എച്ച്എച്ച്സി വഴി ഇതുവരെ ചികിത്സിച്ച രോഗികളില്‍ ഒരു ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് ആശുപത്രിവാസം വേണ്ടി വന്നത്.
പ്രമുഖ ആരോഗ്യ സേവനദാതാക്കളായ കെയര്‍24, പോര്‍ട്ടിയ, ആര്ഗല, അതുല്യ, അപ്പോളോ എന്നിവരുമായി ചേര്‍ന്നാണ് ഈ പദ്ധതിയുടെ വിപുലീകരണം നടപ്പാക്കുന്നത്.