തിരുവനന്തപുരം: വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. വെള്ളിയാഴ്ച ഒമ്പതിനാണ് ബജറ്റ് അവതരണം. സാമ്പത്തികാവലോകന റിപ്പോർട്ടും അന്ന് സഭയിൽ വെക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അതോടൊപ്പം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുൻനിർത്തിയുള്ള നിക്ഷേപ പദ്ധതികൾക്കായിരിക്കും പ്രാധാന്യം നൽകുന്നത്. നിക്ഷേപ സാധ്യതകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.
കിഫ്ബിക്ക് വരുമാനം കൂട്ടുന്നതിനും വാണിജ്യമാതൃകയിലുള്ള ഐ.ടി പാർക്കുകൾ, വ്യവസായ പാർക്കുകൾ മുതലായവയ്ക്ക് പരിഗണന നൽകാനുമാണ് സാധ്യത. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ധനമന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇനിയും 800 രൂപ വർധിപ്പിച്ചാൽ മാത്രമേ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 2500 എന്നതിൽ എത്തുകയുള്ളൂ. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടുള്ളതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള വർദ്ധനവാണ് ഉണ്ടാകുന്നതെന്ന് വ്യക്തമല്ല. വർഷങ്ങളായി കൂട്ടാത്ത ഫീസുകളും പിഴകളും ഇത്തവണയും വർധിപ്പിക്കും.