63-ാമത് കേരള സ്കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. ജനുവരി നാല് മുതല്‍ എട്ട് വരെയാണ് കലോത്സവം നടക്കുന്നത്. മത്സരങ്ങള്‍ രാവിലെ 9.30 ന് ആരംഭിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മത്സരങ്ങള്‍ കൃത്യസമയത്ത് തുടങ്ങി അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും ഫസ്റ്റ് കോളും സെക്കന്‍ഡ് കോളും തേര്‍ഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും 101, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും 110, സംസ്കൃതോത്സവത്തില്‍ 19, അറബിക് കലോത്സവത്തില്‍ 19 ഇനങ്ങളിലായി 249 മത്സരങ്ങള്‍ നടക്കും. വേദികള്‍ക്ക് നദികളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്.
സ്വര്‍ണകപ്പിന്റെ ഘോഷയാത്ര 31ന് കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും. ജില്ലകളിലെ പ്രയാണത്തിനൊടുവില്‍ ജനുവരി മൂന്നിന് രാവിലെ 10ന് ജില്ലാ അതിര്‍ത്തിയായ തട്ടത്തുമലയില്‍ സ്വീകരണം നല്‍കും. അവിടെ നിന്ന് ഘോഷയാത്രയായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വര്‍ണകപ്പ് എത്തിക്കും.