കോട്ടയം : സംസ്ഥാന സ്കൂള്‍ കായികമേളയിലെ കിരീട ജേതാക്കള്‍ക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും വഹിച്ചുകൊണ്ടുള്ള വാഹനജാഥയ്ക്ക് കോട്ടയത്ത് വന്‍ വരവേല്‍പ്പ്.
നവംബര്‍ നാല് മുതല്‍ 11 വരെ എറണാകുളത്ത് നടക്കുന്ന കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്ക് നല്‍കുന്നതിനുള്ള എവര്‍റോളിങ് ട്രോഫിയുമായുള്ള ജാഥയ്ക്ക് കോട്ടയം എം.ടി സെമിനാരി സ്കൂളിലാണ് സ്വീകരണമൊരുക്കിയത്.
സ്വീകരണയോഗം സഹകരണ-തുറമുഖ-ദേവസ്വം വകുപ്പുമന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. കായിക രംഗത്തിന്റെ പ്രസക്തി എത്രത്തോളമുണ്ടെന്നതിന്റെ തെളിവാണ് ഓരോ കായികമേളയ്ക്കും വിദ്യാര്‍ഥി സമൂഹം നല്കുന്ന പിന്തുണയെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. മേളയില്‍ പങ്കെടുക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ജഴ്സി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ പ്രകാശനം ചെയ്തു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 125 കുട്ടികളടക്കം 1385 കുട്ടികളാണ് സംസ്ഥാന കായികമേളയില്‍ ജില്ലയില്‍നിന്ന് പങ്കെടുക്കുന്നത്.