മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സില്‍ 1,552 പോയന്റ് നേട്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 476 പോയന്റ് ഉയര്‍ന്നു. സെന്‍സെക്സ് 76,709ലും നിഫ്റ്റി 23,305ലുമെത്തി. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി ഓട്ടോ മൂന്ന് ശതമാനം ഉയര്‍ന്നു. ബാങ്ക്, ഐടി, ഫാര്‍മ, മെറ്റല്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റ് സ്മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ 1.3 ശതമാനത്തോളം കുതിക്കുകയും ചെയ്തു.
താരിഫ് കുറയ്ക്കുമെന്ന സൂചനയാണ് കാര്‍ നിര്‍മാതാക്കള്‍ നേട്ടമാക്കിയത്. വാഹന ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ ഓഹരികളും മികച്ച നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരത് ഫോര്‍ജ് തുടങ്ങിയ ഓഹരികള്‍ എട്ട് ശതമാനംവരെ ഉയര്‍ന്നു.
താരിഫ് നടപ്പാക്കല്‍ 90 ദിവസത്തേയ്ക്ക് നിര്‍ത്തിവെച്ചതും റിസര്‍വ് ബാങ്ക് കാല് ശതമാനം നിരക്ക് കുറച്ചതും വിപണിക്ക് ആശ്വാസമായി
സ്മര്‍ട് ഫോണുകളെയും കംപ്യൂട്ടറുകളെയും പുതിയ താരിഫില്‍നിന്ന് ഒഴിവാക്കിത് വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ ആപ്പിളിന്റെ ഓഹരിയില്‍ കുതിപ്പുണ്ടാക്കിയിരുന്നു. അത് വാള്‍സ്ട്രീറ്റില്‍ പ്രതിഫലിക്കുകയും ചെയ്തു. ഡൗ ജോണ്‍സും എസ്ആന്റ്പി 500 സൂചികയും ഒരു ശതമാനത്തോളം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ജപ്പാന്റെ നിക്കിയും ദക്ഷിണ കൊറിയയുടെ കോസ്പിയും ഉള്‍പ്പടെയുള്ള സൂചികകള്‍ ഇതേതുടര്‍ന്ന് മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു.