നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നത് തടയണമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം. നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ജില്ലാ കളക്ടര്‍മാര്‍ കര്‍ശന നടപടിയെടുക്കണമെന്നാണ് അറിയിപ്പ്.
ഐ.എസ്.ഐ. അംഗീകാരമില്ലാതെ ഹെല്‍മെറ്റുകള്‍ നിര്‍മിക്കുന്നതും ഐ.എസ്.ഐ. മുദ്രയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്.) സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവ വില്‍ക്കുന്നതും തടയും.ഇവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി മുദ്രവെക്കും.
നിലവിലുള്ള നിയമം കൃത്യമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ മരണവും ഗുരുതരപരിക്കും കൂടുന്നത് നിശ്ചിത സുരക്ഷാനിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ മൂലമാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്.