തിരുവനന്തപുരം: ചെക്ക് പോസ്റ്റുകളിലെ അഴിമതി തടയാനായി കർശന നടപടികൾ സ്വീകരിച്ച് ഗതാഗത കമ്മീഷണർ. ചെക്ക്പ്പോസ്റ്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഉത്തരവിട്ടു, ഇപ്പോൾ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ചെക്ക് പോസ്റ്റുകളിൽ ആവശ്യമില്ലെന്നും ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും, ഒരു എഎംവിയും, ഓരോ ഓഫീസ് അറ്റൻഡും മതിയെന്നുമാണ് ഉത്തരവിൽ പറയുന്നത്. കൂടാതെ 15 ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ മാറണം.
രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ചെക്ക് പോസ്റ്റിൽ ജോലി ചെയ്യുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സമയത്ത്, ആർടിഒകൾക്കായി ജി.എസ്.ടി സ്ഥാപിച്ച ക്യാമറകൾ വഴി നികുതിവെട്ടിപ്പ് നടക്കുന്ന വാഹനങ്ങൾക്കുള്ള വിവരശേഖരണം നടത്തണം. ഇങ്ങനെ പിൻവലിക്കുന്ന ഉദ്യോഗസ്ഥരെ ഡ്രൈവിംഗ് ടെസ്റ്റിംഗ് എൻഫോഴ്സ്മെന്റ് ജോലികൾക്കായി ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെക്ക്പ്പോസ്റ്റുകളിൽ ഈടാക്കുന്ന പിഴയുടെ പ്രതിദിന റിപ്പോർട്ട് ആർടിഒമാർക്ക് നൽകണമെന്നും, സ്ക്വാഡുകളുടെ മിന്നൽ പരിശോധന നടത്തണമെന്ന് ഉത്തരവിൽ ഉണ്ട്.