അതിരപ്പള്ളി: മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ ചികിത്സിക്കാനുള്ള ദൗത്യം വിജയിച്ചു. മയക്കുവെടി വെച്ച് പിടികൂടിയാൽ അതിജീവിക്കാൻ 30 ശതമാനം മാത്രമെ സാധ്യതയുള്ളൂ എന്നാണ് വനംവകുപ്പ് ഉന്നതല യോഗത്തിൽ ഡോക്ടർമാരുടെ സംഘം വ്യക്തമാക്കിയത്. ഇനി കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്ക് മാറ്റുന്നതാണ് അടുത്ത ഘട്ടം. ആനയെ ചികിൽസിക്കാനുള്ള ആനക്കൂടിന്റെ നിര്‍മാണം ഇന്നലെ തന്നെ അഭയാരണ്യത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു.
മയക്കുവെടി വെച്ചത്തിനു ശേഷം മയങ്ങി വീണ കൊമ്പന്റെ മസ്തകത്തിലെ മുറിവ് ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി . മയങ്ങി വീണ ആനയെ മണിക്കൂറുകളുടെ ശ്രമത്തിലൊടുവിലാണ് ദൗത്യസംഘം എഴുന്നേൽപ്പിച്ചത്. കൂടാതെ മൂന്ന് കുങ്കിയാനകളെയും എത്തിച്ചിരുന്നു.
കോന്നി സുരേന്ദ്രന്, കുഞ്ചു, വിക്രം തുടങ്ങിയ മൂന്ന് കുങ്കിയാനകളെയാണ് ആനയെ തളയ്ക്കാനായി എത്തിച്ചിരുന്നത്. ജനുവരി 15 മുതല്‍ മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ കൊമ്പനെ പ്ലാന്റേഷന് തോട്ടത്തില്‍ കണ്ടെത്തിയിരുന്നു.