മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിഷ്ണുജയുടെ കേസിൽ അറസ്റ്റിലായ ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളിയത്. സ്ത്രീധനം കുറഞ്ഞുപോയെന്നും ജോലിയില്ലെന്നും സൗന്ദര്യമില്ലെന്നും പറഞ്ഞ് പ്രഭിൻ നിരന്തരം ആക്ഷേപിക്കുകയും ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയും ചെയ്തതിന്റെ പേരിലാണ് വിഷ്ണുജ ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിലാണ് വിഷ്ണുജയെ കണ്ടെത്തിയത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണക്കുറ്റങ്ങൾ ചുമത്തിയാണ് ഭർത്താവ് പ്രഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
2023 മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം. പ്രഭിനും വിഷ്ണുജയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ഇതിന്റെ കാരണം തങ്ങൾക്ക് അറിയില്ലെന്നുമാണ് പ്രഭിന്റെ വീട്ടുകാർ പറയുന്നത്. കൂടാതെ സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും ഇവർ പറഞ്ഞു. അതെസമയം വിഷ്ണുജയെ പ്രഭിന് അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നു എന്ന് കഴിഞ്ഞ ദിവസം സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു.