നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദൂരം നാൾക്കുനാൾ കുറഞ്ഞു വരികയാണ്. ഏതൊരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചും അതിനിർണായകമായ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. കഴിവിന്റെ പരമാവധി പ്രവർത്തിച്ചുകൊണ്ട് കേരളത്തിൽ അധികാരത്തിൽ എത്തുവാനുള്ള എല്ലാ വഴികളും തേടുകയാണ് മുന്നണികളും പാർട്ടികളും. അധികാരത്തിൽ എത്തുവാൻ കഴിയില്ലെങ്കിലും പരമാവധി കരുത്തുകാട്ടുവാൻ ശ്രമിക്കുകയാണ് ബിജെപി.
സ്ഥിരം സ്ഥാനാർത്ഥികൾക്കപ്പുറത്തേക്ക് പൊതു സ്വീകാര്യതയുള്ള ആളുകളെ മത്സരിപ്പിക്കുവാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ആ കൂട്ടത്തിൽ മുൻനിരയിൽ ബിജെപി പരിഗണിക്കുന്ന ഒരാളാണ് പ്രമുഖ മാധ്യമപ്രവർത്തക സുജയ്യ പാർവതി. ഇന്ത്യാവിഷനിലൂടെ ആയിരുന്നു സുജയ മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത്. വർഷങ്ങൾക്കുശേഷം 24ന്റെ സ്ക്രീനിലൂടെയാണ് സുജയ എല്ലാവർക്കും സ്വീകാര്യയാകുന്നത്.
സംഘ്പരിവാര്‍ തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ വേദിയില്‍ സ്ഥാപനത്തിനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് അവർക്ക് 24 വിടേണ്ടി വരുന്നത്. ബിഎംഎസ് പരിപാടിയില്‍ പങ്കെടുത്താല്‍ സംഘിയാവുമെങ്കില്‍ താന്‍ സംഘി ആയിക്കോട്ടെയെന്നും മറ്റുള്ള സംഘടനകള്‍ പോലെ ബിഎംഎസും ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും സുജയ പറഞ്ഞിരുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശനം ചര്‍ച്ചയായ സമയത്ത് റിപ്പോര്‍ട്ടിങിനായാലും മറ്റും അങ്ങോട്ട് പോകേണ്ടിതില്ല എന്നതായിരുന്നു തന്റെ വ്യക്തിപരമായ നിലപാടെന്നും അതുകൊണ്ട് തന്നെ തൊഴിലിടത്തില്‍ എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും സുജയ പറഞ്ഞിരുന്നു. ചാനലിന് പുറത്തേക്ക് വന്ന സുജയയെ പിന്നീട് ബിജെപി നേതാക്കൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് എല്ലാവരും കണ്ടത്.
സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വളരെ വലിയ പിന്തുണയാണ് അവർക്ക് പിന്നീട് ലഭിച്ചത്. മോദിയുടെ ഭരണനേട്ടങ്ങൾ അവഗണിക്കാനാകില്ലെന്നും തുറന്നു പറഞ്ഞതിന് സസ്പെൻഷൻ നേരിടേണ്ടി വന്ന അവതാരകയാണ് സുജയ പാർവതി. തുടർന്ന് വീണ്ടും 24 ന്യൂസിൽ തിരിച്ചെത്തിയ ശേഷം സുജയ രാജി വയ്ച്ച് റിപ്പോർട്ടർ ചാനലിൽ എത്തുകയായിരുന്നു. വിവാദങ്ങൾക്കും സസ്പെൻഷനും ഇടയിൽ നിൽക്കുമ്പോൾ തന്നെ തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി സുജയ ബിജെപി വേദിയിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ എത്തുകയും യുവാക്കളെ അഭിസംബോദന ചെയ്ത യുവം എന്ന പരിപാടിയുടെ മുന്നോടിയായുള്ള ഉദ്ഘാടന ചടങ്ങുകളിലെ സുജയയുടെ സാന്നിധ്യം ഏറെ ചർച്ചയായി. യുവജനസാഗരം എന്നായിരുന്നു പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ പേര്. ഇതിന്റെ വെബ്സൈറ്റ് സുജയ പാർവതി ഉദ്ഘാടനം ചെയ്തു.
മറ്റൊരു വേദിയിൽ കയറിയതിനെ തുടർന്നുള്ള നടപടികൾ താൻ ഇപ്പോൾ നേരിടുകയാണെന്നും, എന്നാൽ നിലപാടുകളിൽ മാറ്റം വന്നിട്ടില്ലെന്നും സുജയ പാർവതി ഈ വേദിയിൽ തുറന്നു പറഞ്ഞിരുന്നു. പിന്നീട് റിപ്പോർട്ടർ ചാനലിൽ പ്രതിദിന സംവാദ പരിപാടിയായ മീറ്റ് ദി എഡിറ്റേഴ്സിലും കൃത്യമായ സംഘപരിവാർ ആശയങ്ങൾ തന്നെയാണ് സുജയ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്.
മറ്റ് മാധ്യമപ്രവർത്തകരുമായും ബിജെപി പ്രതിസ്ഥാനത്ത് വരുന്ന വിഷയങ്ങൾ വല്ലതും ഉണ്ടായാൽ പ്രതിരോധം തീർക്കുന്നതിന് മുന്നിൽ നിൽക്കുന്നതും സുജയ തന്നെയാണ്. ബിജെപിയുടെ വനിതാ നേതാക്കളിൽ പലരും കാണിക്കാത്ത ആവേശം പോലും ഈ മാധ്യമപ്രവർത്തക പല ഘട്ടങ്ങളിലും കാണിക്കാറുണ്ട്. ഇതോടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുജയയെ ബിജെപി നേതൃത്വം പരിഗണിച്ചിരുന്നു. എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ആയിരുന്നു അവരെ പാർട്ടി പരിഗണിച്ചിരുന്നത്.
മൂന്നു വനിതകളെ നിർത്തണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കുന്നതിനു വേണ്ടിയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ അവസാനം നിമിഷം സ്ഥാനാർത്ഥിത്വം മറ്റൊരാൾക്ക് നൽകുകയായിരുന്നു. അതേസമയം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സുജയ കേരളത്തിൽ ഏതെങ്കിലും മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
എറണാകുളം നിയമസഭാ മണ്ഡലത്തിലാണ് പ്രഥമ പരിഗണനയെന്നും അറിയുന്നു. സുജയ പാർവതി എറണാകുളത്ത് മൽസരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കാൾ ആയിരിക്കും മറുവശത്ത്. ബിജെപിക്ക് അത്രകണ്ട് സ്വാധീനമില്ലാത്ത മണ്ഡലം ആണെങ്കിലും സുജയ എല്ലാവർക്കും സുപരിചിതയാണ്. അതു ഗുണം ആകുമെന്ന് ബിജെപി നേതൃത്വം കരുതുന്നു. കൃത്യമായ പരിചയങ്ങളും ജനകീയ സ്വഭാവമുള്ള രാഷ്ട്രീയ നേതാക്കളേ പരാജയപ്പെടുത്തി സുജയ പാർവതിക്ക് വിജയിക്കാൻ ആകുമോയെന്നും കണ്ടറിയണം.
ചാനൽ രംഗത്ത് സംഘപരിവാർ അനുകൂല വാഗ്വാദം നടത്തുമ്പോൾ തന്നെ ജനകീയ പ്രവർത്തനമോ പൊതു രംഗത്തോ പ്രവർത്തിച്ച് സുജയക്ക് പരിചയം ഇല്ലെന്നതും ശ്രദ്ധേയമാണ്. സമീപകാലത്ത് റിപ്പോർട്ടർ ചാനൽ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ചാനലിന്റെ പല പ്രവർത്തികളും ഒട്ടേറെ വിമർശനങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പാർട്ടി ചാനൽ ബഹിഷ്കരിക്കുകയാണ്. മറ്റുപല പാർട്ടികൾക്കും ചാനലിനോട് വിമുഖതയുണ്ട്.
ചാനലിന്റെ ഉടമസ്ഥർ തന്നെ വാർത്ത അവതരണത്തിൽ ഉൾപ്പെടെ ഇടപെടുന്നതിൽ പൊതുവേ പലർക്കും ഇഷ്ടക്കേടുണ്ട്. ചാനലിന്റെ മാധ്യമപ്രവർത്തന രീതി പോലും വ്യാപകമായി വിമർശിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അത്തരം നെഗറ്റീവ് ചർച്ചകളിൽ ഭാഗമായ ഒരാളെ ബിജെപി സ്ഥാനാർത്ഥിയായി പരിഗണിക്കുമ്പോൾ ജയപരാജയങ്ങളിൽ എന്താണ് ഉണ്ടാവുക എന്നത് പ്രവചിക്കുവാൻ കഴിയുന്നതല്ല