ന്യൂയോര്‍ക്ക്: ഭൂമിയിൽ പുതുവർഷം ആഘോഷിക്കുമ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പുതുവർഷം ആഘോഷിക്കുകയാണ് സുനിതാ വില്യംസും കൂട്ടരും. 2025 പിറക്കുമ്പോള്‍ 16 സൂര്യോദയവും 16 അസ്തമയവും അവര്‍ക്കു ചുറ്റും നടക്കും. ഏകദേശം 400 കിലോമീറ്റര്‍ ഭൂമിയിൽ നിന്നും അകലെയാണ് ഐഎസ്എസ്. ഒരുദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണശാല ഭൂമിയെ ചുറ്റുന്നത്. ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എന്നും കാണുന്നതാണ് 16 ഉദയാസ്തമയം.
2024 ജൂണിലാണ് സുനിതാ വില്യംസ് നാസയുടെ യാത്രികനായ ബുച്ച് വില്‍മോറുമൊത്ത് ബോയിങ്ങിന്റെ പരീക്ഷണപേടകമായ സ്റ്റാര്‍ലൈനറില്‍ ഐഎസ്എസിലേക്കു പോയത്. സ്റ്റാര്‍ലൈനറിന്റെ സാങ്കേതികത്തകരാര്‍ മൂലം തിരിച്ചുവരാൻ കഴിഞ്ഞില്ല. 2025 മാർച്ചിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.